ErnakulamKeralaLatest

ഉറവിടമറിയാത്ത രോഗികള്‍ക്ക് വേണ്ടി ജില്ലയില്‍ പ്രത്യേക മെഡിക്കല്‍ സംഘം

“Manju”

സിന്ധുമോള്‍ ആര്‍

എറണാകുളം : ജില്ലയിലെ ഉറവിടമറിയാത്ത രോഗികളുടെ കോവിഡ് രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. നിലവില്‍ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് ഇനി കണ്ടെത്താന്‍ ഉള്ളത്. ജനറല്‍ ആശുപത്രിയിലെ അവസ്ഥ ആശങ്കജനകമല്ലെന്നും അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനരാരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പകരം ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത ദിവസം മുതല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കും.

ജില്ലയില്‍ ശരാശരി 950-1200നും ഇടയില്‍ സാമ്പിളുകള്‍ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളേജില്‍ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തില്‍ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കണ്‍ടൈന്‍മെന്‍റ് സോണുകളിലും ആന്റിജന്‍ പരിശോധന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു ആര്‍. ടി. പി. സി. ആര്‍ ഉപകരണം കൂടി വരും ദിവസങ്ങളില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ 12 സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ രോഗ സാധ്യത ഉള്ള പ്രദേശങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളില്‍ നടത്തും. എറണാകുളം മാര്‍ക്കറ്റില്‍ രോഗ സാധ്യത ഉള്ളവരുടെ പരിശോധന പൂര്‍ത്തിയാക്കി. ചെല്ലാനം, ആലുവ മാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളില്‍ കര്‍ശനമായ അടച്ചിടല്‍ നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി ബി ദി ചെയിന്‍ ബ്രേക്കര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ക്യാമ്പയിന്‍ നടത്തും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നും കളക്ടര്‍ പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമായൊ ടെലി മെഡിസിന്‍ സംവിധാനവുമായോ ഇ -സഞ്ജീവനിയുമായോ ബന്ധപ്പെടണം.

ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആയ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ണ സജ്ജമായിട്ടുണ്ട്. അഡ്ലക്സ് കേന്ദ്രത്തില്‍ നിലവില്‍ 130 പേരാണ് ചികിത്സയില്‍ ഉള്ളത്. അവിടെ 200 രോഗികള്‍ ആകുമ്പള്‍ സിയാല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആയി നിര്‍മാണം പൂര്‍ത്തിയാക്കിയ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button