IndiaKeralaLatest

15കാരന്റെ മരണം വീഡിയോ പുറത്ത്

“Manju”

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്റെ മരണത്തില്‍ പുനരന്വേഷണം നടത്താനുള്ള കോഴിക്കോട് റൂറല്‍ എസ്‌പിയുടെ ഉത്തരവ് എത്തിയതോടെ അന്വേഷണം പ്രാഥമികമായി തുടങ്ങി പൊലീസ്. കഴിഞ്ഞ ദിവസം അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിച്ചുകൊല്ലുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വീഡിയോയുടെ ആധികാരികത പൊലീസ് ഉറപ്പിക്കും.
ഒരു വര്‍ഷം മുമ്ബ് നടന്ന മരണം കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുല്‍ അസീസ് (15) മരണപ്പെട്ടത്. അടിയേറ്റതിനെ തുടര്‍ന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിനു വിടുകയും ചെയ്തു.
എന്നാല്‍ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിച്ചുകൊല്ലുന്ന വീഡിയോ പുറത്ത് വന്നതോടെ വീണ്ടും സംശയം സജീവമായി. ഈ വീഡിയോ ടിക് ടോക് പോലുള്ള ഗെയിമിനായി തയ്യാറാക്കിയതല്ലെന്നാണ് പ്രാഥമിക നിഗമനം.
വീഡിയോ പുറത്ത് വന്നതിന് ശേഷം നാട്ടുകാര്‍ വീട് വളഞ്ഞു. അസീസിനെ മര്‍ദ്ദിക്കുന്ന വീഡിയോയിലുള്ള സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ്. എന്നാല്‍ ബന്ധുക്കളില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്സി ഡ്രൈവര്‍ അഷ്റഫിന്റെ മകനാണ് അബ്ദുല്‍ അസീസ്.
പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതല്‍ ബന്ധുക്കളെ ചോദ്യം ചെയ്യും. പുറത്ത് വന്ന വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താനാണ് റൂറല്‍ എസ്‌പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല.
വിഡിയോ ചിത്രീകരിച്ച ആളും വിദേശത്തെ സഹോദരനും തമ്മില്‍ പിണങ്ങിയതാകാം വീഡിയോ പുറത്തു വരാന്‍ കാരണമെന്ന നിഗമനം പൊലീസിനുണ്ട്. വീഡിയോ ചിത്രീകരിച്ച ആളും കേസില്‍ പ്രതിയാകുമെന്ന് ഉറപ്പാണ്. പുറത്തു വന്ന ദൃശ്യത്തില്‍ സഹോദരന്‍ കുട്ടിയെ മടിയില്‍ കിടത്തിയും എഴൂന്നേല്‍പ്പിച്ചും കഴുത്തു ഞെരിക്കുന്നതിന്റെയും തലയിലും മറ്റും ഇടിക്കുന്നതിന്റെയും മൊബൈലില്‍ മറ്റൊരാള്‍ പകര്‍ത്തിയ രംഗങ്ങളാണ് കാണുന്നത്.
ഒരു വര്‍ഷത്തിന് ശേഷം പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇന്നലെയാണ് ദൃശ്യം പ്രചരിക്കാന്‍ തുടങ്ങിയത്. മരിക്കുന്ന ദിവസം കുട്ടി കൂട്ടുകാരനെയും മറ്റും ഫോണില്‍ വിളിച്ച്‌ താന്‍ വീട്ടില്‍ നേരിടുന്ന ബുദ്ധിമുട്ട് പറഞ്ഞിരുന്നതായും വിവരമുണ്ട്. രണ്ടാനമ്മയില്‍ നിന്നുള്‍പ്പെടെ വീട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞതാണ് കൊലപാതക കാരണമായതെന്നാണ് സംശയം.
നേരത്തേ തന്നെ മരണത്തില്‍ നാട്ടുകാര്‍ സംശയം രേഖപ്പെടുത്തിയിരുന്നു. നട്ടുച്ചയ്ക്ക് വീട്ടില്‍ വെച്ച്‌ പിതാവും രണ്ടാനമ്മയും സഹോദരനും ഉള്ളപ്പോഴായിരുന്നു സംഭവം. അടിയേറ്റതിനെ തുടര്‍ന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചത്.

Related Articles

Back to top button