KeralaLatestThiruvananthapuram

പദ്മനാഭദാസന് ഇനി പദ്മാനാഭന്റെ മണ്ണിൽ അവകാശമുണ്ട്.

“Manju”

മഹേഷ്‌ കൊല്ലം

ഒരു രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിനുള്ള അധികാരവും അവകാശവും ഇല്ലാതാകുന്നില്ല. രാജകുടുംബം ചോദിച്ചത് ക്ഷേത്രത്തിന്റെ സ്വത്തോ, പണമോ അല്ല, ക്ഷേത്രത്തിന്റെ നടത്തിപ്പിലും നിയന്ത്രണത്തിലുമുള്ള രാജകുടുംബത്തിന്റെ ഭരണപരമായ അവകാശമാണ്.
കാത്തിരുന്ന നിയമപ്പോരാടത്തിനൊടുവില്‍ ശ്രീപദ്മനാഭ സ്വാമിക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിനും അധികാരമുണ്ടെന്ന് സുപ്രീംകോടതി. 1991ല്‍ അവസാനത്തെ രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിന് ക്ഷേത്രഭരണത്തില്‍ അവകാശം ഇല്ലാതാകും എന്ന ഹൈക്കോടതി വിധിക്കെതിരെയും ക്ഷേത്ര നിലവറകളിലുള്ള സ്വത്ത് പുറത്തേക്കുപോകാന്‍ സാധ്യതയുള്ളതിനാല്‍, നിലവറകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ട് മുന്‍ രാജകുടുംബം നല്‍കിയ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.
ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ക്ഷേത്ര ഭരണത്തിനായി പുതിയ സമിതി വരുംവരെ തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ താല്‍ക്കാലിക സമിതിക്ക് തുടരാനും അനുമതി നല്‍കി.
ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പുതിയ ഭരണ സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ഭരണസമിതിയില്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. തിരുവതാംകൂറിലെ രാജകുടുംബത്തിന് ക്ഷേത്രത്തിന്റെ ഭരണത്തിൽ അവകാശമില്ലെന്നും ക്ഷേത്രത്തിന്റെ നിയന്ത്രണവും സ്വത്തുക്കളുടെ നടത്തിപ്പും ട്രസ്റ്റ് രൂപീകരിച്ച് കേരള സർക്കാർ ഏറ്റെടുക്കണമെന്നും 2011ൽ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ മുൻ രാജകുടുബാംഗം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ, ക്ഷേത്രം വിശ്വാസികളായ ഒരു സംഘം എന്നിവർ നൽകിയ അപ്പീലിലാണ് വിധി. കാലാകാലങ്ങളായി തങ്ങളുടെ കീഴിലാണ് ക്ഷേത്ര ഭരണം. പദ്മനാഭ ദാസൻ എന്ന നിലയിൽ ഭരണം തുടരാൻ തങ്ങളെ അനുവദിക്കണം . ഒരു ദേവസ്വം ബോർഡിന്റെയും അധികാര നിയന്ത്രണത്തിൽ വരുന്നതല്ല പദ്മനാഭ സ്വാമി ക്ഷേത്രം.
1949ലെ കവനന്റ് പ്രകാരം തിരുവിതാംകൂർ ഭരണാധികാരിക്ക് കീഴിലാണ് ട്രസ്റ്റ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 1950ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനലയ ചട്ടത്തിൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റിയിൽ നിക്ഷിപ്‌തമാണെന്നുമുണ്ട്.
ഭരണ ഘടനയുടെ 362ാം അനുച്ഛേദത്തിൽ കവനന്റ് വ്യവസ്ഥകൾക്ക് അർഹമായ പരിഗണന നൽകുമെന്നും വ്യക്തമാക്കുന്നു. ഇത് അംഗീകരിച്ച് ക്ഷേത്രഭരണം നടത്താൻ അനുവദിക്കണമെന്നായിരുന്നു രാജകുടുംബത്തിന്റെ വാദം.
എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.

കേസിന്റെ നാൾവഴികൾ ഒന്നു പരിശോധിക്കാം .

ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ സംഭരിച്ച നിലവറകൾ തുറക്കുന്നതിൽ നിന്ന് രാജകുടുബത്തെയും ഭരണ സമിതിയെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയ്ക്കകം സ്വദേശി പദ്മനാഭനാണ് ആദ്യം കേസ് നല്‍കിയത്. തുടർന്ന് ഈ വിഷയത്തിൽ പല ഹർജികളെത്തി. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഹൈക്കോടതി പരിഗണിക്കണമെന്ന ആവശ്യവുമായി രാജകുടുംബം ഹൈക്കോടതിയിൽ റിട്ട് ഹർജി സമീപിച്ചു
കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാൽ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് ഹൈക്കോടതി പരാമർശിച്ചത്.
2011 ജനുവരിയില്‍ ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മുന്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
നിലവറയിലെ അമൂല്യവസ്തുക്കള്‍ തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയമിച്ചു. ക്ഷേത്രകാര്യങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകന്‍ ഗോപാല്‍ സുബ്രമണ്യത്തെയും നിയോഗിച്ചു. സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കുന്നതിന് മുന്‍ സിഎജി വിനോദ് റായിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ അഞ്ചംഗ ഭരണസമിതിയെയും നിയോഗിച്ചിരുന്നു.
ക്ഷേത്രത്തിന്റെ ഭരണസംവിധാനവും പൊതുസ്ഥിതിയും പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജകുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. സിഎജി വിനോദ് റായിയും ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ പല അപാകതകളുമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതൊടെ ബി നിലവറയായ ഭരതക്കോണ്‍ തുറന്ന് തിട്ടപ്പെടുത്താന്‍ 2014 ൽ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
രാജകുടുംബം എതിര്‍ത്തതിനാല്‍ പിന്നീട് വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എ നിലവറയായ പണ്ടാരവകയും മറ്റ് നാല് നിലവറയും വിദഗ്ധസമിതി തുറന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ബി നിലവറ തുറന്നില്ല. ഇതിനിടയിൽ 2018 ൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ആവശ്യം സുപ്രിംകോടതി പരിഗണിച്ചു.
തുടർന്ന് അമികസ് ക്യൂറി ഇല്ലാതെയാണ് കേസിൽ അന്തിമ വാദം കോടതിയിൽ നടന്നത്. 2019 ഏപ്രിലിൽ കേസിലെ അന്തിമവാദം പൂർത്തിയായിരുന്നു എങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസ് എ കെ പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.

Related Articles

Back to top button