സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: കാശ്മീരില്‍ ഭീകരരുടെ തോക്കിന്മുനയില് നിന്ന് മൂന്നുവയസുകാരനെ അത്ഭുതകരമായി രക്ഷിച്ച് സൈനികര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ന് രാവിലെ ജമ്മു കാശ്മീരിലെ സോപൂരില്‍ ഭീകരാക്രമണത്തിനിടെയായിരുന്നു സംഭവം. കാശ്മീര്‍ പൊലീസ് ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പട്രോളിംഗ് സംഘത്തിനു നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
വെടിയേറ്റ് ചോരയില്‍ കുതിര്‍ന്ന മുത്തച്ഛന്റെ ശരീരത്തില്‍ കുട്ടി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. മൃതദേഹത്തിലിരുന്ന കുട്ടിയെ സെെന്യം സുരക്ഷിതസ്ഥാനത്തെത്തിച്ചു. കുട്ടി ഭയപ്പെട്ടതായും പൊലീസ് പറയുന്നു. മൂന്നുവയസുകരനെ ഒരു പൊലീസ് ഉദ്യോഗസ്ഥന് സുരക്ഷിതമായി കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. കാശ്മീര്‍ പൊലീസ് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
“സോപൂരിലെ ഭീകരാക്രമണത്തിനിടെ മൂന്ന് വയസുകാരനെ തോക്കിന്മുനകള്ക്കിടയില് നിന്നും രക്ഷപ്പെടുത്തി”.-കാശ്മീര്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. ശ്രീനഗറില്‍ നിന്ന് ഹാന്‍ഡ്വാരയിലേക്ക് മാരുതി കാറില്‍ സഞ്ചരിക്കുകയായിരുന്നു കുട്ടി. സോംപൂരിലെ ടൗണില്‍ നിന്നാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു സെെനികനും വീരമൃത്യുവരിച്ചു.