KeralaKozhikode

ആഘോഷങ്ങൾക്ക് അതിരുകളില്ല ; വടകരയിലും നാദാപുരത്തും കോവിഡ് പടരുന്നത് അശ്രദ്ധയുടെ ഫലം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : ആഘോഷങ്ങൾക്ക് അതിരുകളില്ലാതെ ആളുകളുടെ പ്രവാഹം .വടകര നാദാപുരത്തും കോവിഡ് പടരുന്നത് അശ്രദ്ധയുടെ ഫല മെന്ന് റിപ്പോർട്ട് .

രണ്ടുദിവസംകൊണ്ട് വടകര താലൂക്ക് കോവിഡ് 19-ന്റെ ഹോട്‌സ്‌പോട്ടായി മാറിയത് അശ്രദ്ധയുടെയും അനാസ്ഥയുടെയും ഫലമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ .

മരണവീടുകളിലും കല്യാണ, ഗൃഹപ്രവേശ വീടുകളിലും നിയന്ത്രണം പാലിക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതോടെയാണ് തൂണേരിയും നാദാപുരവും രോഗകേന്ദ്രമാകുന്നത്.

വടകരയും വില്യാപ്പള്ളിയിലെ കുട്ടോത്തും മുൾമുനയിലായതാകട്ടെ കോവിഡ് ടെസ്റ്റ് നടത്തി ഫലം വരുംമുമ്പെ രണ്ടുപേർ പുറത്തിറങ്ങി നടന്നതിന്റെ ഫലം.

സമ്പർക്കപ്പട്ടികയിൽ ഒട്ടേറെപ്പേർ ഫലം കാത്തിരിക്കുന്നുണ്ട്. പരിശോധന കാത്തുകഴിയുന്നതും ഒട്ടേറെപ്പേർ. ആശ്വസിക്കാൻ ഇനിയും ആയിട്ടില്ല, തൂണേരിക്കും നാദാപുരത്തിനും വടകരയ്ക്കും.

ആളുകൂടുന്ന സ്ഥലത്ത് കോവിഡ് രോഗി ഉണ്ടെങ്കിൽ രോഗവ്യാപനത്തിന്റെ തോത് വർധിക്കും.

ഇത് കണക്കിലെടുത്താണ് സർക്കാർ കല്യാണത്തിന് 50 പേരും മരണവീടുകളിൽ 20 പേരും എന്ന കണക്ക് നിജപ്പെടുത്തിയത്. എന്നാൽ, സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി കൂടിവരുമ്പോൾപ്പോലും ഈ നിയന്ത്രണങ്ങൾ പരസ്യമായി ലംഘിക്കുകയാണ്.

പലയിടത്തും ആരോഗ്യവകുപ്പും പോലീസുമെല്ലാം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.

ഒരു ചടങ്ങിന് 50 പേർ എന്ന നിർദേശം വന്നതോടെ ഇത് മറികടക്കാൻ പലരുംകണ്ട മാർഗം ഒരു സമയത്ത് 50 പേർ എന്നതാണ്.

ഉച്ചയ്ക്ക് 50 പേർ, വൈകീട്ട് 50 പേർ, രാത്രി 50 പേർ എന്നിങ്ങനെ സമയം തിരിച്ച് ആളുകളെ ക്ഷണിച്ചതോടെ രണ്ടുദിവസംകൊണ്ട് 500 പേർവരെ പങ്കെടുത്ത കല്യാണങ്ങളുണ്ടായി.

നാദാപുരത്തുനടന്ന ഗൃഹപ്രവേശച്ചടങ്ങിൽ പങ്കെടുത്ത 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതെല്ലാം മലപ്പുറം സ്വദേശികളാണ്. കണ്ടെയ്ൻമെന്റ് സോണായശേഷമാണ് ഇവിടെ ഗൃഹപ്രവേശം നടന്നത്.

പല സമയങ്ങളിലായി ആളുകൾ വന്നെന്നാണ് ആരോഗ്യവകുപ്പിന് കിട്ടിയ വിവരം.

നേരത്തേ മരണവീടുകളിൽ കൃത്യമായ അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുമാണ് ചടങ്ങുകൾ നടത്തിയത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നശേഷം ഇതെല്ലാം പഴയപടിയായി.

ഒറ്റദിവസംകൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചിരുന്ന സ്ഥാനത്ത് അഞ്ചും ഏഴും ദിവസങ്ങൾവരെ ഇത് നീണ്ടു. പഴയതുപോലെ മരണവീടുകളിൽ പന്തലും കസേരകളുമെല്ലാം തിരിച്ചുവന്നു.

ഇതിന്റെ ഫലമാണ് തൂണേരി പഞ്ചായത്ത് അനുഭവിക്കുന്നത്. കോവിഡ് ടെസ്റ്റിന് വിധേയരായ വടകര സ്വദേശികൾ വീട്ടിലിരിക്കണമെന്ന ഡോക്ടറുടെ നിർദേശം പാലിച്ചിരുന്നെങ്കിൽ നാടാകെ രോഗവ്യാപനത്തിലേക്ക് പോകുമായിരുന്നില്ല.

നിർദേശങ്ങളും നിയന്ത്രണങ്ങളും വെറുതെയല്ലെന്ന ബോധം ഇപ്പോഴാണ് ജനം തിരിച്ചറിയുന്നതെന്നു മാത്രം.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button