KeralaLatest

വിയ്യാറ്റ്‌ വൈദ്യുതി നിലയത്തിന് അഗ്നിബാധ; ജനറേറ്ററിന്റെ ബ്രേക്കര്‍ പാനല്‍ കത്തിനശിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

വിയ്യാറ്റ്‌ വൈദ്യുതി നിലയത്തിന് അഗ്നിബാധ; ജനറേറ്ററിന്റെ ബ്രേക്കര്‍ പാനല്‍ കത്തിനശിച്ചു

അടിമാലി: ഇരുട്ടുകാനത്തെ വിയ്യാറ്റ്‌ പവര്‍ ഹൗസില്‍ തീപിടിത്തം. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ബ്രേക്കര്‍ പാനലിലാണു തീപിടിച്ചത്‌. അഗ്‌നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പാനല്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. പാനലിന്റെ ഭാഗത്തുനിന്നു വലിയൊരു പൊട്ടിത്തെറി ശബ്‌ദം കേട്ട്‌ ജീവനക്കാര്‍ നോക്കിയപ്പോള്‍ പുകയും തീയും ഉയരുന്നതാണ്‌ കണ്ടത്‌. ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. പവര്‍ഹൗസില്‍ മൂന്ന്‌ ജീവനക്കാരാണ്‌ സംഭവസമയത്ത്‌ ഉണ്ടായിരുന്നത്‌. ഇവര്‍ സുരക്ഷിതരാണ്‌. പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ നാശനഷ്‌ടമുണ്ടോയെന്നറിയാനാകൂ എന്ന്‌ പവര്‍ഹൗസ്‌ മാനേജര്‍ രാജന്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ഹൗസ്‌ 2018ലെ പ്രളയത്തില്‍ മണ്ണിടിഞ്ഞ്‌ വീണ്‌ ഭാഗികമായി നശിച്ചിരുന്നു. മാസങ്ങള്‍ നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശേഷമാണ്‌ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്‌. 1.5 മെഗാവാട്ട്‌ ശേഷിയുള്ള മൂന്ന്‌ ജനറേറ്റുകളില്‍ നിന്നു 1.3 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ദിവസവും ഉല്‍പാദിപ്പിക്കുന്നുണ്ട്‌. ഇത്‌ വൈദ്യുതി ബോര്‍ഡിന്‌ വില്‍ക്കും. സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ അനീഷ്‌ പി ജോയ്‌, ഫിറോഷ്‌ ഖാന്‍, ശ്യാംബാബു, ലിബിന്‍മാത്യു, ജിജോ ജോണ്‍, സനീഷ്‌ വി.ടി. എന്നവരുള്‍പ്പെട്ട സംഘമാണ്‌ തീയണച്ചത്‌.

Related Articles

Back to top button