IndiaKeralaLatestMalappuramThiruvananthapuramThrissur

സ്വര്‍ണക്കടത്ത്: അന്വേഷണം ഡിജിറ്റല്‍ വഴിയിലേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഡിജിറ്റല്‍ വഴിയിലേക്ക് കടക്കുന്നു. കേസിലെ നിര്‍ണായക തെളിവുകള്‍ ഇനിയാണ് പുറത്തുവരുക. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പ്, ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡി.വി.ആര്‍) എന്നിവയുടെ പരിശോധന ഉടന്‍ നടക്കും. ഗൂഢാലോചന യോഗങ്ങള്‍ രഹസ്യമായി പ്രതികള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നെന്ന് എന്‍.ഐ.എ സംശയിക്കുന്നുണ്ട്. ഇതിനുപുറമേ ഉന്നതരെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ദൃശ്യങ്ങളും ഇതില്‍ കണ്ടേക്കാമെന്നാണ് കരുതുന്നത്.

സന്ദീപാണ് ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ സൂക്ഷിച്ചിരുന്നത്. ആസൂത്രിതമായി ചെയ്യുന്ന കള്ളക്കടത്തില്‍ എന്തിനായിരുന്നു ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നത് ദുരൂഹമാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ പിന്മാറാതിരിക്കാനോ ഭാവിയില്‍ ഭീഷണിപ്പെടുത്തി കാര്യസാധ്യത്തിന് ഉപയോഗിക്കാനോ ആകാം ഇതെന്ന് അന്വേഷണസംഘം കരുതുന്നു.

സ്വപ്നയില്‍ നിന്നുമാത്രം ആറ് സ്മാര്‍ട്ട്ഫോണാണ് കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം ‘ഫേസ് ലോക്ക്’ ഉള്ളതായിരുന്നു. ഇവ രണ്ടും എന്‍.ഐ.എ പരിശോധിച്ചു. സ്വര്‍ണക്കടത്തിനു മറയാക്കിയ നയതന്ത്ര ബാഗേജിനെക്കുറിച്ച്‌ ഒന്നാംപ്രതി സരിത്തുമായും യു.എ.ഇ അധികൃതരുമായും സ്വപ്ന നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ഇതില്‍ ചിലത് നശിപ്പിച്ചിട്ടുണ്ട്. ഇത് എന്താണെന്നറിഞ്ഞാല്‍ മാത്രമേ തെളിവുകള്‍ കൂട്ടിയോജിപ്പിക്കാനാകൂ.

സ്വപ്നയുടെ ജി-മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തു. മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ ഗൂഗിള്‍ കമ്പനിയോട് എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ജി-മെയിലിലെ മുഴുവന്‍ ഡേറ്റയും ശേഖരിക്കുന്ന നടപടികള്‍ ഗൂഗിള്‍ തുടങ്ങിയെന്നാണ് എന്‍.ഐ.എ-യെ അറിയിച്ചിരിക്കുന്നത്.

സ്വപ്നയുടെ ഫേസ് ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും തുടങ്ങി. ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധന തിരുവനന്തപുരം സി-ഡാക്കിനെയാണ് ഏല്‍പ്പിക്കുക.

സ്വര്‍ണക്കടത്തില്‍ സിനിമ മേഖലയ്ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സിനിമ രജിസ്ട്രേഷന്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. സംഘടനയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button