KeralaLatest

മലനിരകളിലെ രക്ഷാദൗത്യത്തിന് ഇനി സ്ത്രീസേനയും

“Manju”

മലനിരകളിലെ രക്ഷാദൗത്യത്തിന് ഇനി സ്ത്രീസേനയും; പരിശീലനം നല്‍കിയത്  ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്‌, Thrissur,Thrissur News, disaster  management, women force, fire force
തൃശ്ശൂര്‍: കിഴുക്കാംതൂക്കായ മലനിരകളില്‍ കയറില്‍ത്തൂങ്ങിയും അള്ളിപ്പിടിച്ചുകയറിയുമുള്ള രക്ഷാദൗത്യത്തിന് ഇനി കേരളത്തിലെ സ്ത്രീസേനയും.

പാലക്കാട് കൂര്‍മ്ബാച്ചി മലയിലെ രക്ഷാപ്രവര്‍ത്തനം നിമിത്തമായെടുത്ത് കേരള അഗ്നി രക്ഷാസേനയാണ് മലദുരന്ത രക്ഷാസേനയുണ്ടാക്കിയത്. ഇതിലേക്ക് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി എത്തുകയാണ് 86 സ്ത്രീകളും. അഗ്നി രക്ഷാസേനയിലേക്ക് ആദ്യമായി എടുത്ത 86 വനിതാ ട്രെയിനികളാണ് പ്രത്യേക പരിശീലനം നേടിയത്. അവസാന ബാച്ച്‌ ചൊവ്വാഴ്ച പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ എല്ലാ സ്ത്രീകളും ഇതില്‍ അംഗമാകും.

മാര്‍ച്ചിലാണ് പാസിങ്ങ് ഔട്ട്. രാജ്യത്താദ്യമായാണ് സ്ത്രീകള്‍ അംഗങ്ങളായ മലദുരന്ത രക്ഷാസേന. ഇവരെല്ലാം നേടിയ പരിശീലനം ലോകപ്രശസ്തമായ മലദുരന്ത രക്ഷാസേനയായ ഇന്തോ-ടിബറ്റൻ ബോര്‍ഡര്‍ ഫോഴ്സിന്റേതാണെന്ന പ്രത്യേകതയുമുണ്ട്.

കൂര്‍മ്ബാച്ചി മലയിലെ രക്ഷാപ്രവര്‍ത്തനമാണ് കേരള അഗ്നി രക്ഷാസേനയെ മലദുരന്തങ്ങള്‍ നേരിടാനുള്ള പ്രത്യേക വിഭാഗം വേണമെന്ന ചിന്തയിലേക്ക് നയിച്ചത്. ഇന്തോ-ടിബറ്റൻ ബോര്‍ഡര്‍ ഫോഴ്സില്‍നിന്ന് കേരള അഗ്നി രക്ഷാസേനയിലെ 30 പേര്‍ പരിശീലനം നേടി.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ അഗ്നി രക്ഷാസേന ഇത്തരം പരിശീലനം നേടുന്നത്. പരിശീലനം നേടിയ 30 പേരാണ് തൃശ്ശൂരിലെ അഗ്നി രക്ഷാ അക്കാദമിയില്‍ പരിശീലനത്തിലുള്ള 86 സ്ത്രീസേനാംഗങ്ങള്‍ക്കും മലദുരന്തപരിശീലനം നല്‍കുന്നത്. അഗ്നി രക്ഷാസേനയിലെ 132 പേര്‍ക്ക് ഇവര്‍ ഇതിനകം പരിശീലനം നല്‍കി.

ചെങ്കുത്തായ മലയ്ക്ക് സമാനമായ ഇടം അക്കാദമി അങ്കണത്തില്‍ കൃത്രിമമായി നിര്‍മിച്ചായിരുന്നു ആദ്യ പരിശീലനം. മഴയത്തും വെയിലത്തും രക്ഷാപ്രവര്‍ത്തനം വേണ്ടിവരുമെന്നതിനാല്‍ രണ്ടുതരം ഇടങ്ങളും കൃത്രിമമായി നിര്‍മിച്ചിട്ടുണ്ട്. ഇവിടുത്തെ പരിശീലനത്തിനുശേഷം തൃശ്ശൂരിലേയും സമീപപ്രദേശങ്ങളിലേയും ചെങ്കുത്തായ മലകളില്‍ നേരിട്ടെത്തി പരിശീലനം നല്‍കുന്നുണ്ട്.

ഒരു മലയില്‍നിന്ന് മറ്റൊരു മലയിലേക്ക് കയറില്‍ത്തൂങ്ങിയുള്ള നീക്കം, മലമുകളില്‍നിന്ന് കയറില്‍ത്തൂങ്ങിയുള്ള താഴേക്കിറക്കം, രക്ഷപ്പെടുത്തിയ ആളെ മുതുകിലോ മുൻപിലോ സുരക്ഷിതമായി ബന്ധിപ്പിച്ച്‌ മലയിലേക്ക് കയറില്‍ പിടിച്ചുള്ള കയറല്‍ തുടങ്ങിയവയാണ് പരിശീലനത്തിലെ കാതലായ ഭാഗം.

Related Articles

Back to top button