IndiaKeralaLatest

ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലും കൊവിഡ് വ്യാപനം; 33 പേര്‍ക്ക് പോസിറ്റീവ്

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിലാണ് 33 പേര്‍ക്ക് രോഗം കണ്ടെത്തിയത്. നാളെയും പരിശോധന തുടരും. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 33 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതെതുടര്‍ന്ന് ഏറ്റുമാനൂരില്‍ അതീവ ജാഗ്രത നല്‍കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റമാനൂര്‍ മാര്‍ക്കറ്റ്. നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജന്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.

ചന്തകള്‍ കേന്ദ്രീകരിച്ച്‌ കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ചങ്ങനാശ്ശേരിയിലെയും വൈക്കത്തെയും ചന്തകളില്‍ സമാന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഏറ്റുമാനൂരില്‍ തുടക്കത്തില്‍ ആശങ്ക നിലനിന്നിരുന്നെങ്കിലും പിന്നീട് വന്ന പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇനിയങ്ങോട്ട് സമ്പര്‍ക്കപട്ടിക വിപുലമാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button