IndiaLatest

ക‍ര്‍ഷക സമരം ഒമ്പതാം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച്‌ കര്‍ഷകര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകരുമായി സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

അതേസമയം യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണിത്. തര്‍ക്കവിഷയമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കര്‍ഷകരുടെ പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാരിന് യാതൊരു കടുംപിടുത്തവും ഇല്ലെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു. അടുത്ത യോഗം ശനിയാഴ്ച നടക്കും.

കര്‍ഷകര്‍ക്ക് കൂടുതല്‍ നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും എംഎസ്പി തുടരുമെന്നും എംഎസ്പി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്ര തോമര്‍ യോഗത്തിന് ശേഷം പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിഷേധം അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എട്ട് ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. സര്‍ക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയില്‍ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളില്‍ എതിര്‍ക്കുന്നവ എന്തെല്ലാമാണെന്നും കര്‍ഷക പ്രതിനിധികള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കുകയും സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button