IndiaKeralaLatest

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് വീട്ടുകാരും പോലീസും കാണാതെ ഒളിച്ചോടിയ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂരില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെയും പെണ്‍കുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. കണ്ടെയ്ന്‍മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്‍കുട്ടിക്കെതിരെയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന് 22 വയസുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് വേണ്ടി കാത്തിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. 18 വയസ് പൂര്‍ത്തിയായി മൂന്നുമാസം ആകാറായ പെണ്‍കുട്ടിയുടെ ഹയര്‍സെക്കന്‍ഡറിയുടെ പരീക്ഷാഫലം കൂടി വന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ താമസസ്ഥലം കണ്ടെയന്‍മെന്റ് സോണായത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ അകത്തേയ്ക്കും പുറത്തേയ്ക്ക്മുളള വഴികള്‍ അടച്ചിരുന്നു. സദാസമയവും പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ അകത്തുകടന്ന യുവാവ് പുലര്‍ച്ചെ മൂന്നിന് പെണ്‍കുട്ടിയുമായി കടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചത്. പറവൂരിലെ ക്ഷേത്രത്തില്‍ വിവാഹിതരായ ഇരുവരും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളില്‍ പോയി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അങ്കമാലി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. യുവാവിനോടൊപ്പം പോകാനാണ് താത്‌പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ യുവാവിനോടൊപ്പം വിട്ടയച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles

Back to top button