IndiaKeralaLatestThiruvananthapuram

കടുത്ത വയറുവേദനയുമായെത്തി, സര്‍ജറിയിലൂടെ പുറത്തെടുത്തത് 24 കിലോ ഭാരമുള്ള മുഴ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഷില്ലോംഗ് : കടുത്ത വയറുവേദനയുമായി ഹോസ്പിറ്റലിലെത്തിയ യുവതിയില്‍ നിന്നും ഡോക്ടര്‍മാര്‍ സര്‍ജറിയിലൂടെ പുറത്തെടുത്തത് 24 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലാണ് സംഭവം. ജാംഗെ ഗ്രാമവാസിയായ 37 കാരിയാണ് കടുത്ത വയറുവേദനയുമായി ടുറ ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റിലുള്ള വന്‍മുഴയാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. രണ്ട് ഗൈനക്കോളജിസ്റ്റുമാരുടെ നേതൃത്വത്തില്‍ മൂന്നുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് 24 കിലോ ഭാരമുള്ള ട്യൂമര്‍ പുറത്തെടുത്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഐസില്‍ഡ സാംഗ്മ പറഞ്ഞു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ട്യൂമറില്‍ ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഡോ. ഐസില്‍ഡ പറഞ്ഞു. ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന യുവതിക്ക് ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം ആരോഗ്യപ്രവര്‍ത്തകരാണ് നല്‍കിയത്. ഒരു ഡോക്ടറാണ് യുവതിക്ക് രക്തം നല്‍കിയത്.

വന്‍മുഴ നീക്കം ചെയ്ത് യുവതിയുടെ ജീവന്‍ രക്ഷിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അഭിനന്ദിച്ചു. യുവതി വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Related Articles

Back to top button