KeralaLatestThiruvananthapuramUncategorized

കൊറോണക്കാലം; പോലീസ് ഡ്യൂട്ടിയ്ക്കൊപ്പം മെഡിക്കൽ ഫീൽഡിലേക്കും, വഴി മാറി പോയോ എന്നാണ് സേനക്കുള്ളിലെ ചർച്ചാ വിഷയം.

“Manju”

ഷൈലേഷ്കുമാർ.കൻമനം

പ്രത്യേക അധികാരം എന്ന പേരിൽ കോവിഡ് ഡ്യൂട്ടിയിൽ പോലീസിന് നൽകിയ അധിക ജോലികളെക്കുറിച്ച് സേനക്കുള്ളിൽ നിന്ന് വ്യാപകമായ അതൃപ്തി. കൊറോണ കാലത്തെ സമ്പർക്ക വ്യാപനം തടയുക എന്നതു പോലീസ് ഒരു വെല്ലുവിളിയെന്ന പോലെ ഏറ്റെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പുതിയ നിർദ്ദേശമായ കണ്ടെയ്മെൻ്റ് സോൺ തിരിക്കലും, രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കലുമെല്ലാം ലോക്കൽ പോലീസിന്റെ തലയിലാകുന്നത്. ഇനി പോലിസുകാർ ആരോഗ്യ വകുപ്പിന്റെ പണിയും പഠിക്കേണ്ടി വരുമോ എന്ന് സേനാംഗങ്ങൾ പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

കാര്യമായ സുരക്ഷാ സംവിധാനമില്ലാതെയാണ് പോലീസുകാർ റോഡിലിറങ്ങി കോവിഡ് ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്നത്. അതിവ്യാപന മേഖലകളിൽ പോലും വെറും മാസ്കിന്റെയും, സാനിറ്റെസറിന്റെയും ബലത്തിൽ ഡ്യൂട്ടി ചെയ്യുക എന്നത് പോലീസിനൊരു ജീവൻമരണ പോരാട്ടമാണ്. വൈറസ് വ്യാപനം ദ്രുതഗതിയിലാകുന്നതിനാൽ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയത്തും പല പോലീസുകാർക്കും ഉള്ളിൽ ആശങ്ക നിറയാറുണ്ട്. ഈയിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൊടുപുഴ സ്വദേശിയായ പോലീസ് സബ് ഇൻസ്പെക്ടർ കൊവിഡ് ബാധിച്ച് മരിച്ച സംഭവവും വാർത്തകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇങ്ങിനെയുള്ള ജീവൻമരണ പോരാട്ടത്തിലും കൃത്യമായ ശമ്പളം കിട്ടുന്നില്ല എന്നതാണ് ലോക്കൽ പോലീസിനെ വല്ലാതെ വലക്കുന്നത്. നിലവിലെ ശമ്പളത്തിൽ നിന്നുള്ള പിടുത്തവും, ജോലിക്കൂടുതലും ഉദ്യോഗസ്ഥരെ വല്ലാതെ നട്ടം തിരിച്ചിട്ടുണ്ട്.’ ഇതിനിടയിലാണ് കണ്ടയിന്‍മെന്റ് സോണുകളുടെ പൂർണ്ണ നിയന്ത്രണം പോലീസ് തന്നെ ഏറ്റെടുക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം.

ഇതു വരെ വാഹന പരിശോധനയും ജനക്കൂട്ട നിയന്ത്രണവുമൊക്കെയായി പരിമിതപ്പെട്ടിരുന്ന പോലീസിന് ഇനിമുതല്‍ കണ്ടെയ്മെൻ്റ് സോൺ തിരിക്കുക, സമ്പർക്ക പട്ടിക തയാറാക്കുക എന്നിവയൊക്കെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വമാകയാൽ പുതിയ ചുമതല കൂടി ഏറ്റെടുക്കുന്നതോടെ പോലീസുകാരൊക്കെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോൾ ഡോക്ടർമാരായി പരിണമിക്കുമോ എന്ന ഫലിത ചോദ്യങ്ങളും സേനക്കുള്ളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. ഇതിനകം സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച നിരവധി ട്രോളുകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ‘കെ എ പി യും, ലോക്കൽ പോലീസും ചേർന്ന് കോവിഡിൻ 19 വാക്സിൻ വികസിപ്പിച്ചെടുത്തു

ഇത്തിരി കഞ്ഞി, ഇത്തിരി പരേഡ്, ഇത്തിരി പി ടി, ഇത്രേം പഠിപ്പിച്ചു വിട്ടാൽ മതി; ലോക്കൽ പോലീസിലെത്തുമ്പോൾ എത്തുമ്പോ ഓപ്പറേഷൻ മുതൽ വാക്സിൻ വരെ പോലീസ് കണ്ടു പിടിക്കും

കോവിഡ് വാക്സിൻ പോലീസ് മെസ്സിൽ നിർമിക്കും

കണ്ടെയ്മെൻ്റ് സോൺ തിരിക്കലും സമ്പർക്ക പട്ടിക തയാറാക്കലും ഇനി മുതൽ പോലീസ് തയാറാക്കണം ചികിത്സിക്കാനുള്ള അനുമതി കൂടി കിട്ടുമോ?’

തുടങ്ങിയ ട്രോളുകൾ പോലീസുകാർക്കുള്ളിലെ ആത്മരോഷത്തെയാണ് പ്രതിഫലിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഏത് കർത്തവ്യവും ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്. മരണത്തെ ഭയമില്ല. എന്നാൽ ഞങ്ങൾക്കുമൊരു കുടുംബമുണ്ടെന്ന് സർക്കാരും, ഉന്നതത്തിലിരിക്കുന്നവരും ഓർത്താൽ നന്നായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ . ഞങ്ങളുടെ ജീവനും, കുടുംബത്തിനും സംരക്ഷണം നൽകുന്ന സംവിധാനങ്ങൾ ആവിഷ്കരിക്കാൻ വകുപ്പുതലത്തിൽ ശ്രദ്ധ വേണം, “- തിരുവനന്തപുരത്തെ ഒരു സിവിൽ പോലീസ് ഓഫീസറുടെ വാക്കുകളാണിത്.

മറ്റെല്ലാ മേഖലയിലെ ഉദ്യോഗസ്ഥർക്കും ജോലി ചെയ്യാവാത്ത അവസരങ്ങളിലും ശമ്പളവും, ആനുകൂല്യവുമുണ്ട്. എന്നാൽ ഏതു സമയത്തും ,ഏത് ആപത്ഘട്ടത്തിലും ജോലിക്കിറങ്ങേണ്ടി വരുന്ന ഞങ്ങളേപോലുള്ളവരുടെ നിലവിലെ ശമ്പളം പോലും വെട്ടിക്കുറക്കുന്നത് വല്ലാത്ത നീതികേടാണ് ” – തൃശൂരിൽ നിന്നുള്ള മറ്റൊരു പോലീസുകാരന്റെ രോദനം. ഇങ്ങിനെ പോകുന്നു കാക്കിക്കുള്ളിലെ ആത്മസംഘർഷങ്ങൾ

പോലീസ് സേന കൂടുതൽ കാര്യക്ഷമമാകാൻ ആവശ്യമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് അനാവശ്യ മാനസിക സംഘർഷങ്ങൾ ഉളവാക്കുന്ന സാഹചര്യങ്ങളും ബോധപൂർവ്വം ഒഴിവാക്കണമെന്നാണ് സേനയിലെ അംഗങ്ങൾ ഏകകണ്ഠേന ആവശ്യപ്പെടുന്നത്.

Related Articles

Back to top button