KeralaLatest

ചരിത്രം നടന്നു നീങ്ങിയ പുനലൂർ തൂക്കുപാലത്തിന് ഇന്ന് 143 വയസ്

“Manju”

കൃഷ്ണകുമാര്‍ കെ. കെ.

പുനലൂരിന്റെ മുഖമായി പുറംലോകം അടയാളപ്പെടുത്തുന്നത് ഈ വിസ്മയമാണ്. കല്ലടയാറിനു കുറുകെ നിർമ്മിക്കപ്പെട്ടിട്ടുള്ള തൂക്കുപാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്.പുനലൂരിന്റെ സാംസ്കാരിക, സാമൂഹിക, വാണിജ്യ ചരിത്രത്തെ മാറ്റിയെഴുതിയത് ഈ തൂക്കുപാലമാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ഈ പാലത്തിലൂടെയുള്ള ഗതാഗതം നിലനിന്നിരുന്നു. 1872-ൽ ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് ആൽബർട്ട് ഹെൻട്രി എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ നേതൃത്വത്തിൽ 2212 ദിവസം (1872 മുതൽ 1877 വരെ) കൊണ്ട് തൂക്കുപാലം പണി പൂർത്തിയാക്കിയത്. 3 ലക്ഷം രൂപയായിരുന്നു ചെലവ്. പാലത്തിന് 400 അടി നീളമുണ്ട്. ആർച്ചുകള്‍ക്കിടയില്‍ 200 അടിയും ആർച്ചുകള്‍ക്ക് ഇരുവശവും 100 അടി വീതവും 53 കണ്ണികള്‍ വീതമുള്ള 2 ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. ആറു വർഷമെടുത്തു നിർമ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം തെക്കേ ഇന്ത്യയിലെ ഗതാഗത യോഗ്യമായിരുന്ന ഏക തൂക്കുപാലമായിരുന്നു. പാലം പണി കഴിഞ്ഞെങ്കിലും പ്രദേശവാസികൾക്ക് പാലത്തിന്റെ ബലത്തിൽ വിശ്വാസം വന്നില്ല.

ഇക്കാര്യമറിഞ്ഞ ഹെൻട്രി പാലത്തിന്റെ ബലം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കുടുംബവുമൊത്തെ പാലത്തിന് താഴേയ്ക്കൂടി ബോട്ടില്‍ സഞ്ചരിച്ചു, ഇതിനൊപ്പം, മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തുകയും ചെയ്തുവെന്ന് ചരിത്രം. ഇതില്‍പ്പിന്നീടാണ് പാലം ഉപയോഗിക്കാൻ നാട്ടുകാർ ധൈര്യപ്പെട്ടത് എന്നാണ് കഥ.
തൂക്കുപാലത്തിന്റെ വരവോടെ തമിഴ്നാടുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെട്ടു. വനപ്രദേശമായിരുന്ന സ്ഥലത്ത് കോൺ‍ക്രീറ്റ് പാലത്തിലൂടെ മൃഗങ്ങള്‍ക്ക് അനായാസേന നടക്കാൻ കഴിയുമത്രേ, പക്ഷേ തൂക്കുപാലത്തിലൂടെ മൃഗങ്ങള്‍ കടക്കില്ലെന്നാണ് പറയുന്നത്. ആരെങ്കിലും നടക്കാൻ തുടങ്ങിയാൽ പാലം ഇളകും ; ഇതോടെ മൃഗങ്ങള്‍ പേടിച്ച് പിൻമാറുമെന്നതാണ് ഇതിന് പിന്നിലെ കാര്യം. ഒപ്പം നീരൊഴുക്ക് കൂടുതലുള്ള കല്ലടയാറിൽ തൂക്കുപാലമായിരിക്കും അഭികാമ്യമെന്ന വിദഗ്‌ദ്ധോപദേശം കൂടി കണക്കിലെടുത്താണ് രണ്ട് തൂണുകളും കൂറ്റൻ ഇരുമ്പു വടങ്ങളും ഉപയോഗിച്ച് പാലംനിർമിച്ചത്.

കോൺക്രീറ്റ് പാലം സമാന്തരമായി നിർമിക്കപ്പെട്ടതോടെ തൂക്കുപാലം സ്മാരകമായി. ഇപ്പോൾ സംരക്ഷിത സ്മാരകമായി സൗന്ദര്യവൽക്കരണത്തിലൂടെ തലയുയർത്തി നിൽക്കുമ്പോഴും ഒന്നര നൂറ്റാണ്ടോടടുക്കുന്ന തൂക്കുപാലം ഇന്നും പുനലൂരുകാരുടെ അഭിമാനമായി, ചരിത്രം നടന്നുനീങ്ങിയ ഓർമ്മകൾ ഉണർത്തി നിലകൊള്ളുകയാണ്.

Related Articles

Back to top button