IndiaKeralaLatest

ഉരുള്‍പൊട്ടല്‍: ക്ഷേത്രത്തിലെ പൂജാരിയും കുടുംബവുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി

“Manju”

സിന്ധുമോള്‍ ആര്‍

മൈസൂരു: കനത്ത മഴയെത്തുടര്‍ന്ന് തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ബ്രഹ്മഗിരി മലയില്‍ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുള്‍പൊട്ടലുണ്ടാത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച്‌ വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്.

തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളില്‍ ഒരാളായ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ രവികിരണ്‍ ഒരുമാസം മുന്‍പാണ് ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ചരാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്.

പൂര്‍ണമായി മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുന്‍പ് പുതിയ വീട് നിര്‍മിച്ച്‌ ഭാഗമണ്ഡലത്തേക്ക് താമസം മാറിയിരുന്നു. ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച്‌ വ്യാഴാഴ്ച രാവിലെമുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയില്‍ തടസ്സപ്പെട്ടു. ഇതിനിടെ ത്രിവേണി സംഗമത്തില്‍ വെള്ളം ഉയര്‍ന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങള്‍ക്കും അപകടസ്ഥലത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചു. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും മണ്ണിനടിയില്‍പ്പെട്ട് കാണാതായി

Related Articles

Back to top button