KeralaLatest

പുലര്‍ച്ച നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം…

“Manju”

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാര്‍ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി ലയങ്ങള്‍ മണ്ണിനടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം… ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത നാടറിയാന്‍ വൈകി. അപകടത്തില്‍ നിന്നും രക്ഷപെട്ട് പുറത്തെത്തിയവരാണ് വിവരം പുറം ലോകത്ത് എത്തിച്ചത്. ആറ് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. വൈദ്യുതിക്കൊപ്പം മൊബൈല്‍ റെയിഞ്ചും ഇല്ലാതായി. വഴിയും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസമായി.

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല. 75ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരുവാന്‍ സാധിക്കാതെ വന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.പെരിയമല പാലം തകര്‍ന്ന് കിടന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലെത്താനുള്ള ഏക പാതയാണ് പെരിയമല വഴിയുള്ളത്. മഴയും കോടമഞ്ഞും കാരണം പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരം ലഭിച്ചില്ല.

അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ രാജമല വരെ നടന്നെത്തിയാണ് വിവരം അറിയിച്ചത്. ആശുപത്രികളുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി.പരിക്കേറ്റവരെ ആദ്യം എത്തിച്ചത് ടാറ്റാ ടീയുടെ ആശുപത്രിയിലാണ്.പരിക്കേറ്റവരെ 20 കിലോമീറ്റര്‍ താണ്ടി വേണം മൂന്നാറിലെത്തിക്കാന്‍. പലയിടത്തും മണ്ണിടഞ്ഞത് ഗതാഗത തടസം ഉണ്ടാക്കി. മൊബൈല്‍ റേഞ്ച് പൂര്‍ണമായും നഷ്ടപ്പെട്ടത് ആശയ വിനിമയത്തിന് വലിയ തടസം സൃഷ്ടിച്ചു.

ഈ ഭാഗങ്ങളില്‍ എല്ലാം ഓഫ് റോഡ് പാതകളാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലെത്താക്കാന്‍ കഴിഞ്ഞത് രാവിലെ 11 നാണ്. പരിക്കേറ്റ നാല് പേരെയാണ് ആദ്യം എത്തിച്ചത്.അപകടം ഉണ്ടായ ഭാഗത്തേക്ക് ഒരു സമയം ഒരു വാഹനത്തിന് മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തത് വലിയ തടസമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത്. 12.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. അതുവരെ അവിടെ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരും, നാട്ടുകാരുമാണ് സഹായത്തിന് ഉണ്ടായിരുന്നത്.

ഇടമലക്കുടിയില്‍ നിന്നുള്ള ആദിവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്നാറില്‍ നിന്നും പ്രദേശത്തേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയില്‍ കുടുങ്ങി കിടന്നിരുന്നു. പരിക്കേറ്റ് ആദ്യം മൂന്നാര്‍ ആശുപത്രിയിലെത്തിച്ച വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Back to top button