IndiaLatest

കരിപ്പൂരിൽ രക്ഷകരായത് മഴയും തണുപ്പും വൈറസിനെയും മറന്ന നന്മ നിറഞ്ഞ നാട്ടുകാർ

“Manju”

മലപ്പുറം:വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്.
രാത്രിയും മഴയും തണുപ്പും കൊരോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് വന്ന വിമാനമാണ്. അതിൽ പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു.

തകർന്ന വിമാനത്തിൽ പി പി ഇ കിറ്റും ഫെയ്സ് ഷെൽട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ… മാനവികതയുടെ മനസ്സ്.

അതിനൊരു ബിഗ് സല്യൂട്ട്..

ആംബുലൻസും സി ആർപി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയിൽ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും പുറത്തെടുത്ത ചെറുപ്പക്കാരെ നിങ്ങളെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് ?
സ്വന്തം ജീവൻ അപകടത്തിൽ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ പ്രിയപ്പെട്ടവരെ… നിങ്ങള് എന്തൊരു മനുഷ്യരാണ്!!
ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോൽപ്പിക്കാനാവില്ല.
മലപ്പുറത്തെ എന്റെ സഹോദരങ്ങളെ ..
പി.വി.എസ്

Related Articles

Back to top button