KeralaLatest

ആയുഷ് വിസ : കേരള ടൂറിസം വരുമാനത്തില്‍ കുതിപ്പുണ്ടാക്കും

“Manju”

തൃശൂര്‍: ആയുര്‍വേദ ചികിത്സയ്‌ക്കെത്തുന്ന വിദേശികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആയുഷ് വിസ അനുവദിച്ചത്, കേരളത്തിന്റെ ടൂറിസം വരുമാനത്തില്‍ കുതിപ്പുണ്ടാക്കും. സാധാരണ ഹെല്‍ത്ത്, ടൂറിസം വിസകളിലാണ് വിദേശികള്‍ ചികിത്സയ്‌ക്കെത്തുന്നത്. ഇതിന് നടപടിക്രമങ്ങള്‍ ഏറെയാണ്. എന്നാല്‍ എൻ..ബി.എച്ച്‌ അക്രഡിറ്റഡ് ചികിത്സാകേന്ദ്രങ്ങളിലേക്കാണെന്ന് വ്യക്തമാക്കിയാല്‍ പെട്ടെന്ന് ആയുഷ് വിസ ലഭ്യമാകും.

സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തില്‍ 30 ശതമാനവും ആയുര്‍വേദ മേഖലയില്‍ നിന്നാണ്. പ്രതിവര്‍ഷം കേരളത്തിലെത്തുന്നവരില്‍ മൂന്നിലൊന്നും ആയുര്‍വേദ ചികിത്സ തേടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഭൗതിക സൗകര്യമനുസരിച്ച്‌ ഒന്നുമുതല്‍ മൂന്നുലക്ഷംവരെ ഒരു രോഗിയില്‍ നിന്ന് ലഭിക്കും. ഇൻഷ്വറൻസും കേരളത്തില്‍ കൃത്യമായി ലഭ്യമാക്കുന്നുണ്ട്.

നിബന്ധനകളോടെ പ്രവര്‍ത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങളില്‍ കൊവിഡാനന്തരം വിദേശികളുടെ വരവ് കൂടിയിട്ടുണ്ട്. അറബ്, യൂറോപ്യൻ രാജ്യങ്ങളിലുള്ളവര്‍ക്ക് പുറമേ റഷ്യ, യുക്രെയ്ൻ, ഉസ്‌ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ കേരളത്തിലെത്തുന്നുണ്ട്.

മുപ്പതിലേറെ രാജ്യങ്ങളില്‍

മുപ്പതിലേറെ രാജ്യങ്ങളില്‍ ആയുര്‍വേദം അംഗീകരിക്കപ്പെട്ടതായി കഴിഞ്ഞവര്‍ഷം ഗോവയിലെ ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദ ചികിത്സ തേടിയവരില്‍ നടത്തിയ പഠനം പ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതും ഗുണമായി. വുഹാനില്‍ കൊവിഡ് സ്ഥിരീകരിച്ചതടക്കം ആദ്യം പുറത്തുവിട്ട ഫ്രന്റിയേഴ്‌സ് ജേര്‍ണല്‍, ആധികാരികതയിലും സമഗ്രതയിലും ആദ്യസ്ഥാനത്താണ്. ആയുര്‍വേദം പ്രചരിപ്പിച്ച്‌ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാമെന്ന് ടൂറിസം മന്ത്രി പി.. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടിരുന്നു. ആയുര്‍വേദ സാദ്ധ്യതകള്‍ മനസിലാക്കാനും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കാനും ദേശീയസെമിനാര്‍ നടത്തുമെന്നും വ്യക്തമാക്കിയിരുന്നു.

ആയുഷ് വിസ

ആയുഷ് വിസ ഏര്‍പ്പെടുത്തിയത് 2019ലെ വിസാച്ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തി
ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അനുവദിക്കും

കേരളത്തിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍
2019………………. 11.89
ലക്ഷം

വരുമാനം……… 45,010 കോടി

2022………………. 3.45 ലക്ഷം

വരുമാനം………. 35,168 കോടി

ആയുഷ് വിസ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടാക്കും. ജോലി സാദ്ധ്യതകളുമുണ്ട്.

ഡോ.ഡി.രാമനാഥൻ,
ജനറല്‍ സെക്രട്ടറി
ആയുര്‍വേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷൻ ഒഫ് ഇന്ത്യ

 

Related Articles

Back to top button