KeralaLatest

രക്ഷാദൗത്യത്തിന് വീണ്ടും കേരളത്തിന്റെ സൈന്യം

“Manju”

ശ്രീജ.എസ്

കൊല്ലം: കേരളത്തിന്റെ സൈനികരെന്ന് വിശേഷിക്കപ്പെട്ട മത്സ്യ തൊഴിലാളികള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന്. കൊല്ലം വാടി കടപ്പുറത്തു നിന്ന് 10 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.

മലനാടും ഇടനാടും വീണ്ടും കണ്ണീരിലാകുമ്പോള്‍ തീരദേശത്തിന്റെ മക്കള്‍ തയ്യാറെടുക്കുകയാണ്, സഹോദരങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചു കയറ്റാന്‍. അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ടയിലേക്ക് കൊല്ലത്തു നിന്ന് ആദ്യം പോകുന്നത് 10 വള്ളങ്ങളും അമ്പതോളം മത്സ്യത്തൊഴിലാളികളും. പത്തനംതിട്ട ജില്ലാ കളക്ടര്‍ 20 വള്ളം ആവശ്യപ്പെട്ടതനുസരിച്ചാണ് ആദ്യഘട്ടമായി പത്ത് വള്ളങ്ങള്‍ പുറപ്പെട്ടത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും വെള്ളം കയറിയ നാട്ടുവഴികളിലൂടെ പാഞ്ഞ മത്സ്യത്തൊഴിലാളികള്‍ തിരികെ കൊണ്ടുവന്നത് നിരവധി ജീവനാണ്.

ലോക്ഡൗണ്‍ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസമായി കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നില്ല. ഭക്ഷണത്തിനടക്കം നന്നേ ബുദ്ധിമുട്ടുന്നവരുമുണ്ട്. ഈ പ്രതിസന്ധിയിലും കൂടുതല്‍ വള്ളങ്ങള്‍ ആവശ്യമായി വന്നാല്‍ നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളിലും വള്ളങ്ങളും, തൊഴിലാളികളും സജ്ജരാണ്.

Related Articles

Back to top button