KannurKeralaLatestMalappuram

രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം പ്രവര്‍ത്തകരെകൂടി രാജമലയിലേക്ക് അയച്ച്‌ സേവാഭാരതി

“Manju”

സിന്ധുമോള്‍ ആര്‍

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത അറിഞ്ഞ നിമിഷം തന്നെ സേവന സന്നദ്ധരായി ദുരന്തമുഖത്ത് പകരം വെയ്ക്കാനില്ലാത്ത സാന്നിധ്യമാണ് സേവാഭാരതി. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ത്തന്നെ സേവാഭാരതി ജില്ലാ നേതൃത്വത്തില്‍ നിന്നും ദുരന്ത സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശം പ്രാദേശിക ഘടകത്തിലേക്ക് പോയി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ഇരുപതുപേരുടെ സംഘം ദുരന്ത സ്ഥലത്തെത്തി. കരള്‍ പിളരുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിറങ്ങി.

ശനിയാഴ്ച എഴുപത്തഞ്ചോളം പ്രവര്‍ത്തകരാണ് സേവനത്തില്‍ ഏര്‍പ്പെട്ടത്. അവരെ ഇരുപതു കിലോമീറ്ററിനിപ്പുറത്തുവച്ച്‌ അധികൃതര്‍ കടത്തിവിടാതെ തടഞ്ഞുവെങ്കിലും ആരും പിന്മാറിയില്ല. വനപാതയിലൂടെ എല്ലാവരും പെട്ടിമുടിയിലെത്തി. അന്ന് മൃതദേഹങ്ങളില്‍ മിക്കതും സേവാഭാരതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടാറ്റാ ടീയുടെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരികെ എത്തിച്ച മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാനും സേവാഭാരതി സഹായം ചെയ്തു.

മണ്‍കൂനക്കടിയില്‍ ജീവന്റെ തുടിപ്പ് തിരയുകയായിരുന്നു ഓരോ പ്രവര്‍ത്തകനും. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ടി.ആര്‍. രഞ്ജിത്ത്, വി.കെ. ഷാജി, ടി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി സേവന രംഗത്ത് ഉള്ളത്

Related Articles

Back to top button