KeralaLatest

പൂരത്തിന് അനുമതി ലഭിച്ചത് തന്റെ ഇടപെടലില്‍; സുരേഷ് ഗോപി

“Manju”

തൃശൂര്‍: പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും തുടര്‍ന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നെന്നും സുരേഷ് ഗോപി എം പി.

താന്‍ പാര്‍ലമെന്റ് അംഗമായിരിക്കുന്ന കാലയളവില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച്‌ വിവരിക്കുന്നതിനിടയിലാണ് എം പി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോയാണ് (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കിയത്.

തൃശൂരിന് പൂര്‍ണ രൂപത്തില്‍ പൂരം നടത്താന്‍ ഈ വര്‍ഷം സാധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി. ഇതില്‍ രാഷ്ട്രീയമില്ലെന്നും ബി ജെ പി സര്‍ക്കാരിന്റെ മുന്നേറ്റമാണിതെന്നും എം പി പറഞ്ഞു. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നില്‍ പ്രവ‌ര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്.

കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇതിന് പുറമേയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല. മെയ് പത്തിനാണ് തൃശൂര്‍ പൂരം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൂരം എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂര നഗരിയിലേക്ക് ആരെയും കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത്തവണ ഇതിന് അനുമതിയുണ്ടാകും. കൊവിഡിന് മുന്‍പ് നടത്തിയിരുന്ന പോലെ ഇത്തവണ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button