KeralaLatest

ക്ഷേത്രവേദിയില്‍ 216 യുവതീയുവാക്കള്‍ക്ക് മാംഗല്യം

“Manju”

കോവളം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരീദേവി ക്ഷേത്രത്തിലെ മംഗല്യവേദിയില്‍ 216 യുവതീയുവാക്കള്‍ വിവാഹിതരായി. ക്ഷേത്രവളപ്പില്‍ സജ്ജമാക്കിയ പ്രത്യേക ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. കേരളം, മഹാരാഷ്ട്ര ഉള്‍പ്പെട്ട സംസ്ഥാനങ്ങളില്‍നിന്നുളള 216 ആദിവാസി യുവതീ യുവാക്കളാണ് വിവാഹിതരായത്.

കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുന്നില്‍ ഉയർത്തിക്കൊണ്ടുവരുന്നതിനുമാണ് ഇത്തരമൊരു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഒരുവർഷംനീണ്ട പരിശ്രമത്തിനൊടുവിലാണ് 216 യുവതീയുവാക്കളെ കണ്ടെത്തിയത്.

ആദിവാസി സമൂഹത്തില്‍പ്പെട്ട 84 പേർ, അട്ടപ്പാടിയില്‍ നിന്ന് 72 പേർ, ഇടുക്കി കോവില്‍മലയിലെ ആദിവാസി ഊരില്‍നിന്ന് 52 പേർ എന്നിങ്ങനെയാണ് വിവാഹിതരായത്. കൂടാതെ, മഹാരാഷ്ടയിലെ ഉള്‍വനങ്ങളില്‍ മാത്രം താമസിക്കുന്ന എട്ടുകുടുംബങ്ങളും സമൂഹവിവാഹത്തിൻറെ ഭാഗമായി.

കേശവദാസപുരത്ത് പ്രവർത്തനമാരംഭിച്ച ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ നൂറാമത് ശാഖയുടെ ഉദ്ഘാടനത്തിൻറെ ഭാഗമായാണ് പൗർണ്ണമിക്കാവ് ദേവീക്ഷേത്ര ട്രസ്റ്റുമായി ചേർന്ന് ആദിവാസി ഗോത്രത്തില്‍പ്പെട്ട യുവതീയുവാക്കളുടെ വിവാഹം നടത്തുന്നതെന്ന് ക്ഷേത്രം മുഖ്യട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് ആദിവാസിഗോത്ര സമുദായത്തിലെ വിവിധ ചടങ്ങുകള്‍ നടന്നു. തുടർന്ന് ക്ഷേത്രത്തില്‍ സമൂഹവിവാഹം നടത്തുകയായിരുന്നു.

വിവാഹിതരാകുന്ന 216 പേർക്കും വിവാഹവേഷങ്ങളും ആവശ്യമായ സ്വർണ്ണവും ഒരുമാസത്തേക്കുളള ഭക്ഷണവസ്തുക്കളും നല്‍കി. തുടർന്ന് ഇവർ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്തു. വധൂവരൻമാരുടെ ബന്ധുക്കളടക്കം എത്തുന്ന 1000 –ത്തിലധികം പേർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Related Articles

Back to top button