CareerLatest

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ 1417 ഒഴിവ്

“Manju”

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് വിജ്‌ഞാപനമായി. വിവിധ ബാങ്കുകളിലായി 1417 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ട്‌മെന്റും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്.

പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന പത്താമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ – 10 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2021– 22) പിഒ/ മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2022 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കുകളിൽ നിലവിൽ 1417 ഒഴിവുകളാണുള്ളത്. എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കുന്നതു ശ്രദ്ധിക്കുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 ഓഗസ്റ്റ് 26 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 20– 30. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.

2020 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.

Related Articles

Back to top button