IndiaKeralaLatest

കാമുകിയെ കൊന്നു; മരണം ആത്മഹത്യയാക്കിതീര്‍ക്കാന്‍ കാമുകന്റെ ശ്രമം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മുംബൈ: വിവാഹവാഗ്ദാനം നിരസിച്ചതിന് 31 വയസുള്ള യുവതിയെ കാമുകന്‍ കൊന്നു. കൊലപാതകത്തിനു ശേഷം യുവതിയുടേത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇയാള്‍ മരത്തില്‍ കെട്ടിത്തൂക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കൊലപാതകിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ വിവാഹിതരാണ്. എന്നാല്‍, ഇരുവരും തങ്ങളുടെ പങ്കാളികളില്‍ നിന്ന് പിരിഞ്ഞവരാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുപത്തിനാലു വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്കാരിയായ ഇവര്‍ കല്യാണിലാണ് താമസിക്കുന്നത്. നാസിക് മുംബൈ ബൈപാസ് റോഡിലെ ഭിവണ്ടി പ്രദേശത്തെ മരത്തിലാണ് ഓഗസ്റ്റ് ഒമ്പതിന് മൃതദേഹം കണ്ടതെന്ന് സോണ്‍ II ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് രാജ് കുമാര്‍ ഷിന്‍ഡെ പറഞ്ഞു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് സാധാരണ മരണമല്ലെന്നും കഴുത്തിഞെരിച്ച്‌ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളോട് പൊലീസ് സംസാരിച്ചപ്പോഴാണ് പ്രതിയായ ദീപക് രുപവതെയെക്കുറിച്ച്‌ അറിഞ്ഞത്. ഇയാള്‍ കല്യാണിലെ ഗോവിന്ദ് വാദിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയുമായി പ്രണയത്തില്‍ ആയിരുന്നെന്നും എന്നാല്‍ തന്റെ വിവാഹഭ്യര്‍ത്ഥന അവള്‍ നിരസിക്കുകയും മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് വെളിപ്പെടുത്തിയത്.

ഓഗസ്റ്റ് ഒമ്പതിന് ഇരയെ മുംബൈ നാസിക് ബൈപ്പാസ് റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍, അവിടെ വെച്ച്‌ വീണ്ടും വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് ദുപ്പട്ട ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ യുവതിയെ കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മരത്തില്‍ കെട്ടി തൂക്കിയിട്ട് അവിടെ നിന്നും രക്ഷപ്പെട്ടു.

പ്രതിയെ ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302, 201 എന്നിവ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button