KeralaLatestThiruvananthapuram

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓണം ആഘോഷിക്കണമെന്ന് നഗരസഭ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തിരുവോണത്തലേന്നുള്ള മലയാളിയുടെ ഉത്രാടപ്പാച്ചിലില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി ഇപ്പോള്‍ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഈ സമയം കൂട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനിടയില്ലെന്ന സൂചനയാണ് മേയര്‍ നല്‍കുന്നത്. ഉത്രാട ദിനത്തില്‍ നിയന്ത്രണമില്ലാതെ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

അത്തം തുടങ്ങുന്നത് മുതല്‍ നഗരത്തിന്റെ മുക്കിലും മൂലയിലും കാണാവുന്നത് ചെറുതും വലുതുമായ അത്തപ്പൂക്കളങ്ങളാണ്. ഇത്തവണ പക്ഷേ ആ കാഴ്ചയ്ക്ക് പകിട്ട് കുറയും. അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ സംഘം ചേരുന്നത് അധികൃതര്‍ വിലക്കിയേക്കും. മാത്രമല്ല,​ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം സൂക്ഷിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. അത്തപ്പൂക്കള മത്സരങ്ങളും ഉണ്ടാകില്ല. പൊതുഇടങ്ങളിലെ ആഘോഷങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ടാകും. സംസ്ഥാന തലത്തില്‍ തന്നെ ഓണാഘോഷം വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രാദേശിക തലത്തിലുള്ള ആഘോഷങ്ങളും അതുപോലെയായിരിക്കും.

എല്ലാവര്‍ഷവും ഓണക്കാലത്ത് അത്തം മുതല്‍ നാലാം ഓണം വരെ ഹോട്ടലുകളില്‍ ഓണസദ്യ ഉണ്ടാകാറുണ്ട്. പക്ഷേ, സാമൂഹിക അകലം പാലിച്ച്‌ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉണ്ടെങ്കിലും പലയിടത്തും അത് പരിമിതമായിരിക്കും. പാഴ്സല്‍ നല്‍കാന്‍ അനുമതിയുള്ളതിനാല്‍ ഓണസദ്യ ഇന്‍സ്റ്റന്റായി വീട്ടിലെത്തിച്ചു നല്‍കാന്‍ ഹോട്ടലുകാര്‍ തയ്യാറാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് വ്യാപാരികളോടും ഹോട്ടലുകളോടും കളക്ടര്‍ നവജ്യോത് ഖോസ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെലിവറി ചെയ്യുന്നവര്‍ കൂടുതല്‍ പേരുമായി ഇടപഴകുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

തിരുവോണ നാളില്‍ സദ്യയ്ക്ക് ശേഷവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ടും നഗരത്തിലെ സായാഹ്ന കാഴ്ചകള്‍ കാണാന്‍ ഇറങ്ങുന്നതും ഇത്തവണത്തേക്ക് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇറങ്ങിയാല്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം. എല്ലായിടത്തും പൊലീസിന്റെ ഇടപെടല്‍ ഉണ്ടാകും. കര്‍ശന നിരീക്ഷണത്തിന് തന്നെയാണ് നഗരസഭയുടെ തീരുമാനം.

Related Articles

Back to top button