KeralaLatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി‌ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് യോഗം ചേരും. വിഷയത്തില്‍ എല്ലാ കക്ഷികളുടെയും പിന്തുണ നേടി കേന്ദ്രത്തിനെതിരെ ഒരുമിച്ച്‌ നീങ്ങാനാണ് സര്‍ക്കാര്‍‌ ശ്രമിക്കുന്നത്. അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍ നീക്കങ്ങളെന്നാണ് വിവരം. വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കേസ് സുപ്രിം കോടതി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്ന കേസിന് പുറമെ സംസ്ഥാന സര്‍ക്കാരും നിയമ പോരാട്ടത്തിന്റെ ഭാഗമാക്കാനുള്ള സാദ്ധ്യതയാകും പരിശോധിക്കുക.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെ അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളം അദാനിക്ക് നല്‍കിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശം മുതല്‍ ചരിത്ര പ്രാധാന്യം വരെയുള്ള കാര്യങ്ങള്‍ സംസ്ഥാനം നിരത്തി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനി അദാനി ക്വാട്ട് ചെയ്ത അതേ തുക ക്വാട്ട് ചെയ്യാമെന്ന് വരെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. വിമാനത്താവളം നഷ്ടപ്പെട്ടതില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന നേതൃത്വവും മറുപടി പറയണമെന്നാണ് ഇടത് നേതാക്കള്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റേയും സര്‍ക്കാരിന്റേയും നീക്കം.

Related Articles

Back to top button