KeralaLatestThiruvananthapuram

കേരളം ഭരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർ: ദേവേന്ദ്ര ഫട്നാവിസ്

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംസ്ഥാനത്ത് നടക്കുന്ന സ്വർണ്ണക്കടത്തിലെ പണം ഉപയോ​ഗിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻെറ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് അദ്ദേ​ഹം പറഞ്ഞു. യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് അജണ്ട. രാജ്യത്തിനകത്ത് പ്രശ്നം സൃഷ്ടിക്കാനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ബന്ധമുള്ളവരാണ് സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ. ഇവരെയാണ് കേരള മുഖ്യമന്ത്രിയും സർക്കാരും സഹായിക്കുന്നത്. ഇന്ത്യയിൽ ഒരിടത്തും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോ​ഗം ചെയ്യപ്പെട്ടത്. ഈ കേസിൽ സംസ്ഥാന ഭരണകൂടം മുഴുവൻ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഫട്നാവിസ് പറഞ്ഞു. എൻ.ഐ.എ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരള പൊലീസും സർക്കാരും സത്യം മൂടിവെക്കുമായിരുന്നു. കേരള ജനത ചതിക്കപ്പെട്ടിരിക്കുകയാണ്. വ്യത്യസ്തമായ അഴിമതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. വെറും പത്താംക്ലാസ് വിദ്യാഭ്യാസ യോ​ഗ്യതയുള്ള സ്വപ്ന സുരേഷിന് എങ്ങനെയാണ് ഇത്രയും മന്ത്രിമാരുമായും ഉന്നതരുമായും ബന്ധം സ്ഥാപിക്കാൻ സാധിച്ചത്? ഇവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ഐ.ടി വകുപ്പിലേക്ക് നിയമിച്ചത് സ്വർണ്ണക്കടത്തിന് വേണ്ടിയായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മറ്റൊരു വകുപ്പിൻെറ ചുമതല കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പോരാടുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തെത്തിച്ച് കേരളജനതയ്ക്ക് നീതി ലഭിക്കാനായാണ്. ഈ വിവരങ്ങൾ പുറത്തെത്തിച്ച അദ്ദേഹത്തെ തുടക്കത്തിൽ അവഹേളിക്കുകയും പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്. എന്നാൽ ബി.ജെ.പിയുടേയും മാദ്ധ്യമങ്ങളുടേയും സമ്മർദ്ദത്തിൻെറ ഫലമായി തൻെറ പ്രിൻസിപ്പൽ സെക്രട്ടറിയെ അദ്ദേഹത്തിന് പുറത്താക്കേണ്ടി വന്നു. ബി.ജെ.പി സംസ്ഥാനഘടകത്തിൻെറ പോരാട്ടത്തിന് രാജ്യത്തിൻെറ എല്ലാപിന്തുണയുമുണ്ടാകുമെന്നും ദേവേന്ദ്ര ഫട്നാവിസ് കൂട്ടിച്ചേർത്തു. ചടങ്ങിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് വി.ടി രമ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button