IndiaKeralaLatest

കോവിഡ് വാക്സിന്‍: രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ തുടക്കമായി

“Manju”

സിന്ധുമോള്‍ ആര്‍

ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ കോവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ തുടക്കമായി. പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച വാക്സിന്‍ ഇന്നലെ മുതലാണ് ഇന്ത്യയില്‍ പരീക്ഷിച്ച്‌ തുടങ്ങിയത്. പൂനെയിലെ തന്നെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളെജില്‍ നിന്ന് ആറു വ്യക്തികള്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

ആദ്യം കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. വാക്സിന്റെ ആദ്യ ഡോസ് മാത്രമാണ് ഇവരില്‍ നല്‍കിയിരിക്കുന്നത്. ആര്‍ടി-പിസിആര്‍, ആന്റിബോഡി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും വാക്സിന്‍ പൂര്‍ണമായും പരീക്ഷണടിസ്ഥാനത്തില്‍ ഇവര്‍ക്ക് നല്‍കുക. ഭാരതി വിദ്യാപീഠിന്റെ മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജയ് ലാല്‍വാനി തന്നെയാണ് ഇക്കാര്യം ഇന്ത്യന്‍ എക്സ്പ്രസിനോട് സ്ഥിരീകരിച്ചത്.

ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൈകോര്‍ത്തിരിക്കുന്നത്. 1600 പേരിലാണ് രാജ്യത്ത് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ കോവിഡ്-19 വാക്സിന്‍ മനുഷ്യന്റെ പരീക്ഷണങ്ങള്‍ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസള്‍ട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍ കോവിഡ്-19 നുള്ള വാക്സിന്‍ ഒക്ടോബറില്‍ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

വാക്‌സിനുള്ള രണ്ടാം ഘട്ടവും മൂന്നാം ഘട്ടത്തിലെ മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടത്താന്‍ പൂനെ ആസ്ഥാനമായുള്ള എസ്‌ഐഐ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടിയിട്ടുണ്ട്. അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ വാക്സിന്‍ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ അത് ഗണ്യമായ അളവില്‍ വാക്സിന്‍ പുറത്തിറക്കാനാവുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജലദോഷത്തിന്റെ ദുര്‍ബലമായ പതിപ്പില്‍ നിന്നാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് മനുഷ്യരില്‍ കോവിഡ് വാക്സിന്റെ പരീക്ഷണത്തിന് അനുമതി നല്‍കിയത്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. മൂന്നാം ഘട്ടത്തില്‍ 1500ഓളം ആളുകളില്‍ വാക്സിന്‍ പരീക്ഷിക്കും. ഭാരിതി വിദ്യാപീഠ് ഉള്‍പ്പടെ നാല് കേന്ദ്രങ്ങളിലാണ് വാക്സിന്റെ പരീക്ഷണം പുരോഗമിക്കുക. കെഇഎം ഹോസ്പിറ്റല്‍, ജെഹാന്‍ങ്കിര്‍ ഹോസ്പിറ്റില്‍, ബിജെ മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ നൂറു പേരിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്.

Related Articles

Back to top button