KeralaKozhikodeLatest

കോവിഡ് വ്യാപനം രൂക്ഷം: വടകര താലൂക്കിലെ വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ചോറോട് പ്രദേശങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

“Manju”

വി. എം. സുരേഷ് കുമാർ

വടകര: കോവിഡ് വ്യാപനം രൂക്ഷമായ വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ചോറോട് മേഖലകള്‍ കലക്ടര്‍ സാംബശിവ റാവു സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇവിടങ്ങളിലെ വിവിധ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണായതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. വാര്‍ഡ്തല ദ്രുത കര്‍മ്മ സേനകളുമായി (ആര്‍ആര്‍ടി) അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ മേഖലകളില്‍ സുരക്ഷ ശക്തമാക്കാനും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കി.
വില്ല്യാപ്പള്ളി പഞ്ചായത്തിലെ 15,16, തിരുവള്ളൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 3, 4 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ എന്നതും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്നും ഉറപ്പുവരുത്തണം.
അവശ്യവസ്തുക്കള്‍, രോഗികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ആര്‍ആര്‍ടി അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. കോവിഡ് വ്യാപനത്തെ ഗൗരവമായി കണ്ട് ആര്‍ആര്‍ടികളും ആശ വര്‍ക്കര്‍മാരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. ഈ പ്രദേശങ്ങളില്‍ നിന്നും യാതൊരു കാരണവശാലും പുറത്തേക്ക് പോവാനോ വാര്‍ഡിലേക്ക് പ്രവേശിക്കാനോ പാടില്ല. പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് തുടങ്ങി അവശ്യ സര്‍വീസുകളെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ.
ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് പ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രൈമറി, സെക്കണ്ടറി സമ്പര്‍ക്കം കണ്ടെത്തി കോവിഡ് പരിശോധന ഉറപ്പാക്കും. ചോറോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്താഴ ബീച്ച് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. പഞ്ചായത്തിലെ 17,18 19 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ഈ വാര്‍ഡുകളില്‍ ആര്‍ആര്‍ടി മുഖേന ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കലക്ടര്‍ ചോറോട് സന്ദര്‍ശിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

Related Articles

Back to top button