LatestWayanad

‘എന്‍-ഊര്’ജനപ്രിയമാകുന്നു

“Manju”

വൈത്തിരി: വയനാടിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതുമയാര്‍ന്ന അനുഭവമായി പൂക്കോട് എന്‍-ഊര് ഗോത്ര പൈതൃകഗ്രാമം ആഴ്ചകള്‍ പിന്നിടുമ്ബോഴേക്കും സന്ദര്‍ശിച്ചത് ആയിരങ്ങള്‍.
രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് എന്‍ ഊരിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയാണ് ഫീസ്. കാമറക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ കവാടത്തില്‍നിന്ന് ഇടത്തോട്ട് എം.ആര്‍.എസ് സ്‌കൂള്‍ വഴിയാണ് എന്‍ ഊരിലേക്ക് പ്രവേശിക്കാനാവുക. സഞ്ചാരികള്‍ക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരം വരെ സ്വന്തം വാഹനങ്ങളിലെത്താം. ഇവിടെ നിന്നും എന്‍ ഊരിലേക്ക് പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരനൊന്നിന്‌ പോകാനും വരാനുമായി 20 രൂപയാണ് ഈടാക്കുന്നത്. കുന്നിന്‍ചെരുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള ജീപ്പ് യാത്ര കഴിഞ്ഞ് സുഗന്ധഗിരി കുന്നിന്‍ മുകളിലെത്തിയാല്‍ കോടമഞ്ഞിന്റെ തണുപ്പും ചാറ്റല്‍ മഴയും നിറഞ്ഞ മനോഹരമായ അന്തരീക്ഷം സഞ്ചാരികളെ ആകര്‍ഷിക്കും.
ഒരുകാലത്ത് ഗോത്രജനതയുടെ മുഖമുദ്രയായിരുന്ന പുല്‍വീടുകള്‍ സഞ്ചാരികളുടെ മനം കവരും. തനത് ഗോത്ര വൈവിധ്യങ്ങള്‍ നിറഞ്ഞ പുല്ല്മേഞ്ഞ കുടിലുകള്‍ പുതുതലമുറക്ക് കൂടുതല്‍ കൗതുകം പകരുന്നതാണ്. ഇവിടെ ഓരോ പുല്‍ക്കുടിലിന്റെയും ഇറയത്ത് വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.
ഗോത്ര വിഭവങ്ങളുടെ തനത് വംശീയ ഭക്ഷണരുചികളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. പൂര്‍ണ്ണമായും തനത് ഗോത്രവിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഗോത്ര ഭക്ഷണശാലകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
എന്‍ ഊരില്‍ വിവിധ ഗോത്ര വിഭാഗങ്ങള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്ബരാഗത തനത് കാര്‍ഷിക ഉല്‍പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉല്‍പ്പന്നങ്ങള്‍, പാരമ്ബര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍പ്പനക്കായി ഒരുക്കിയിരിക്കുന്നു.ഗോത്രകലകള്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ എയര്‍ തീയറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
തനത് ഉല്‍പന്നങ്ങളുടെ വിപണി, ഗോത്ര വയനാടിന്റെ ചരിത്രം എന്നിവയെല്ലാം അടയാളപ്പെടുത്തുന്ന എന്‍ ഊര് ചുരുങ്ങിയ ദിവസം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. വൈത്തിരി പൂക്കോട് സ്ഥിതിചെയ്യുന്ന എന്‍ ഊരിലേക്ക് ദിനംപ്രതി ആയിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്.
ഗോത്ര ജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃക ഗ്രാമം പട്ടികവര്‍ഗ്ഗ വികസന വകുപ്പും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഈര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.

Related Articles

Back to top button