KeralaLatest

തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളോട് :നടന്‍ ഇന്നസെന്റ്

“Manju”

തൃശൂര്‍ ;തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളോട് നടന്‍ ഇന്നസെന്റിനു ചിലതൊക്കെ പറയാനുണ്ട്. എല്ലാ സ്ഥാനാര്‍ഥികളോടും തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നസെന്റ് ചില കാര്യങ്ങള്‍ പറയുന്നത്. ഒരിക്കലും ജയിക്കും എന്ന് വിചാരിച്ച്‌ കുടുംബക്കാരെ വീട്ടിലേക്ക് വിളിക്കരുതെന്നാണ് താരത്തിന്റെ ഉപദേശം.

രണ്ടാമത്തെ കാര്യം, തോല്‍വി ഉറപ്പിച്ചാല്‍ നമ്മളെവിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നോക്കുക. ഒരുപക്ഷേ, അയാളും നിങ്ങളുടെ വഴിയിലായിരിക്കാം… അപ്പോള്‍ ഒരു ചെറിയ മനസ്സുഖം കിട്ടും. ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നതിലും നല്ലത് അതല്ലേ. ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു തവണ ജയിക്കുകയും ഒരു തവണ തോല്‍ക്കുകയും ചെയ്ത ആളാണ് ഞാന്‍. ജയത്തിനെക്കാളേറെ തോല്‍വിയെക്കുറിച്ചുള്ള ഓര്‍മകളാണ് കൂടുതല്‍. കാരണം, എന്റെ ജീവിതത്തില്‍ സ്കൂള്‍ കാലഘട്ടംമുതല്‍ തോല്‍വിയായിരുന്നു അധികം സംഭവിച്ചത്.

ഞാന്‍ തീര്‍ച്ചയായും ജയിക്കും എന്നായിരുന്നു കഴിഞ്ഞ തവണത്തെ കണക്കുകൂട്ടല്‍. ഞങ്ങളുടെ പ്രവര്‍ത്തകര്‍ തിരിച്ചും മറിച്ചും കൂട്ടി; ഞാന്‍ എന്റെ വക കൂട്ടി, എന്റെ മകനും എന്തിന് ഭാര്യ ആലീസും വരെ ഒരു കണക്കെടുപ്പ് നടത്തി. തോല്‍ക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. എല്ലാവരും ജയം ഉറപ്പിച്ച്‌ പിരിഞ്ഞു. വോട്ടെണ്ണല്‍ ദിവസം ഞാന്‍ കുടുംബത്തിലെ അടുത്ത കുറെ ബന്ധുക്കളെ വീട്ടിലേക്കു വിളിച്ചു. ജയിച്ചാല്‍ ആഘോഷത്തിന് കുറച്ച്‌ ആളുകള്‍ വേണമല്ലോ. അവര്‍ക്കുവേണ്ട സമൃദ്ധമായ സദ്യയൊരുക്കി. ജയിച്ചാല്‍ വൈകുന്നേരം നാട്ടില്‍ ഒരു ബഹളമൊക്കെ വേണ്ടേ? അതിനും ഏര്‍പ്പാടുകള്‍ ചെയ്തു. എല്ലാം സെറ്റായി എന്ന് ഉറപ്പിച്ചു ഒരുവട്ടമല്ല, രണ്ടുവട്ടം.

വോട്ടെണ്ണല്‍നാള്‍ കുളിച്ച്‌ എന്റെ പതിവ് ജുബ്ബയുമിട്ട് തയ്യാറായി ഇരുന്നു. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകരും മകന്‍ സോണറ്റുമെല്ലാമുണ്ടായിരുന്നു. പതുക്കെപ്പതുക്കെ എണ്ണല്‍ പുരോഗമിച്ചു. ആദ്യമൊക്കെ ഞാന്‍ മുന്നിലായിരുന്നു. കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെപ്പോലെ ‘ഇത് കൊറേ കേട്ടിട്ടുണ്ട്’ എന്ന മട്ടില്‍ ഞാനിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ പിറകിലായിത്തുടങ്ങി. ഞാന്‍ ഒരു സഹപ്രവര്‍ത്തകന്റെ മുഖത്തേക്ക് നോക്കി. ‘ഒന്നും പ്രശ്‌നമാക്കേണ്ട’ എന്ന രീതിയില്‍ അയാള്‍ മുഖംകൊണ്ട് ഒരു ഭാവം കാണിച്ചു. ഞാന്‍ തിരിഞ്ഞ് വീണ്ടും ടി.വി.യിലേക്ക് നോക്കിയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കുറേയധികം പിന്നിലേക്കാണ് പോയത്. വീണ്ടും ഞാന്‍ പ്രവര്‍ത്തകരുടെ മുഖത്തേക്കുനോക്കി.

”ഇപ്പോ എണ്ണുന്നതൊന്നും നമ്മുടെ ഏരിയ അല്ല, നമ്മുടെ വോട്ട് വരാനിരിക്കുന്നതേയുള്ളൂ” -അയാള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ യശശ്ശരീരനായ എം.പി. വീരേന്ദ്രകുമാറിനെ ഓര്‍ത്തു. അദ്ദേഹം ഒരിക്കല്‍ ഡല്‍ഹിയിലെ എന്റെ എം.പി. ഫ്‌ളാറ്റില്‍ വന്നു. ഞാനും അദ്ദേഹവും എം.പി.യായിരുന്ന കാലത്താണ്. അന്ന് അദ്ദേഹം പറഞ്ഞ ഒരുപാട് ഫലിതങ്ങളിലൊന്ന് വോട്ടെണ്ണലിനെക്കുറിച്ചായിരുന്നു. നാം പിന്നിലാമ്പോള്‍ ഒപ്പമുള്ളവര്‍ പറയുന്ന ഒരു പ്രധാന വാചകം ”ഇപ്പോള്‍ എണ്ണുന്നതൊന്നും നമ്മുടെ ഏരിയ അല്ല, നമ്മുടേത് വരാനിരിക്കുന്നേയുള്ളൂ” എന്നാണ്. പിന്നെയും പിറകിലാവുമ്പോള്‍ അവര്‍ പറയും: ”ഇന്ന സ്ഥലത്ത് നമുക്ക് ഇത്രവോട്ടുണ്ട്, അതിനപ്പുറത്ത് എല്ലാ വീടുകളിലും നമ്മുടെ വോട്ടുകളാണ്. അവിടേക്കെത്തുമ്പോഴേക്കും നമ്മളായിരിക്കും മുന്നില്‍…” ഒടുവില്‍ നമ്മള്‍ പതിനായിരക്കണക്കിന് വോട്ടിന് പിന്നിലായിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഒപ്പമുള്ള ആരെയും കാണില്ല. ഫലിതമായിട്ടാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും പതിറ്റാണ്ടുകള്‍നീണ്ട രാഷ്ട്രീയാനുഭവങ്ങളുടെ ചൂട് അതിനടിയിലുണ്ടായിരുന്നു.

എന്റെ കാര്യം ഏകദേശം തീരുമാനമായപ്പോള്‍ ഞാന്‍ ശ്രദ്ധ മുഴുവന്‍ മറ്റു മണ്ഡലങ്ങളിലേക്ക്‌ തിരിച്ചുവെച്ചു. പലേടത്തും എന്നേക്കാള്‍ കഷ്ടമാണ് സ്ഥിതി. അങ്ങനെ വന്നുവന്ന് പത്തൊമ്പത് സ്ഥലത്തും പൊളിഞ്ഞു. ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു: എ.എം. ആരിഫ്. ഇയാളുംകൂടി ഒന്ന് തോറ്റുകിട്ടിയാല്‍… എന്നതായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. ചെറുതായി ഞാനതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, ആരിഫ് ജയിച്ചു. പോട്ടെ, ബാക്കിയുള്ളവര്‍ എന്റെ കൂടെയുണ്ടല്ലോ എന്ന് ആശ്വസിച്ചു. അപ്പോഴാണ് ഞാന്‍ വീട്ടിലെ കാര്യം ഓര്‍ത്തത്. പത്തുമുപ്പതാളുകള്‍ അവിടെയുണ്ട്. അതാലോചിച്ചപ്പോള്‍ എന്റെ തലയിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു. ഞാനുടനെ ആലീസിനെ വിളിച്ചു.

”അവിടെ എന്തുണ്ട് വിശേഷം ആലീസേ?” പാതി പാളിയ സ്വരത്തില്‍ ചോദിച്ചു
”എല്ലാരും പോയി” -ആലീസ് പറഞ്ഞു
”ഭക്ഷണമൊക്കെ?”
”എല്ലാം ബാക്കിയുണ്ട്. അടുത്ത ഇലക്‌ഷനുവരെ കഴിക്കാം. വേഗം പോരേ”
ഞാന്‍ പതുക്കെ ഫോണ്‍ കട്ട് ചെയ്തു.
ആഹ്ലാദപ്രകടനത്തിന് ഇരിങ്ങാലക്കുട അങ്ങാടിയില്‍ ഏര്‍പ്പാട് ചെയ്തവരെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ എനിക്ക്‌ സങ്കടംതോന്നി. അവരെക്കാണാതെ വീടെത്തേണ്ടതെങ്ങനെ എന്നായി എന്റെ ആലോചന.
വീടെത്തിയപ്പോള്‍ മേശപ്പുറത്ത് നിറയെ ഭക്ഷണവുമായി ആലീസിരിക്കുന്നു. മകന്റെ ഭാര്യ രശ്മിയും അപ്പാപ്പന്‍ വീണ്ടും എം.പി.യാവുന്നത് കാണാന്‍ കൊതിച്ച കൊച്ചുമക്കളായ അന്നയും ജൂനിയര്‍ ഇന്നസെന്റും. ആരും ഒന്നും മിണ്ടുന്നില്ല
”എന്തുപറ്റി ആലീസേ? തോല്‍വിയൊക്കെ സാധാരണയല്ലേ,തിരഞ്ഞെടുപ്പിലാണെങ്കിലും ജീവിതത്തിലാണെങ്കിലും” -ഞാന്‍ ഒരു ചെറിയ തത്ത്വചിന്തകനാവാന്‍ ശ്രമിച്ചു.

”നിങ്ങള് തോല്‍ക്കുകയോ ജയിക്കുകയോ എന്ത് തേങ്ങ വേണേലും ആയിക്കോ. ഈ ഭക്ഷണം എന്താ ചെയ്യുക എന്നതാണ് എന്റെ പ്രശ്നം. ഇനി അടുത്ത ഒരാഴ്ചയ്ക്ക് ഇവിടെ ഭക്ഷണം ഉണ്ടാക്കൂല്ല. ഇതൊക്കെ തീരട്ടെ. അങ്ങാടീല്‍പ്പോയി ഒരു ഫ്രിഡ്ജും കൂടി വാങ്ങിക്കോ”
ഞാന്‍ ഒന്നും മിണ്ടാതെ മുകളിലേക്ക്‌ കയറിപ്പോയി. വാതിലടച്ച്‌ കിടന്നപ്പോള്‍ ഒരു ചെറുചിരി എന്റെ ചുണ്ടില്‍ത്തെളിഞ്ഞു: എന്നാലും ഞാന്‍ ഒറ്റയ്ക്കല്ലല്ലോ എന്ന ഭാവം. ആ ആരിഫുംകൂടി ഒന്ന് തോറ്റിരുന്നെങ്കില്‍… ഒരു നിശ്വാസത്തോടെ മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു.
ഞാനീപ്പറഞ്ഞത് സത്യമാണ്. സാധാരണ മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് പ്രവര്‍ത്തിക്കുക. താന്‍ തോറ്റാലും തന്റെ സഹജീവി ജയിക്കണമെന്നും താന്‍ മരിച്ചാലും അന്യന്‍ ജീവിക്കണമെന്നും കരുതുന്ന മനസ്സുള്ളവരെയാണ് നമ്മള്‍ മഹാന്മാര്‍ എന്നുവിളിക്കുന്നത്.
ഞാന്‍ ഒരു മഹാനല്ല എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനം തെളിയിച്ചു.

ഇത്രയും ഞാന്‍ പറഞ്ഞത് ഞായറാഴ്ച വോട്ടെണ്ണലായതുകൊണ്ടാണ്. രണ്ടു കാര്യങ്ങളേ എനിക്ക്‌ എല്ലാ സ്ഥാനാര്‍ഥികളോടും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാനുള്ളൂ: ഒരിക്കലും ജയിക്കും എന്ന് വിചാരിച്ച്‌ കുടുംബക്കാരെ വീട്ടിലേക്ക് വിളിക്കരുത്, വിളിച്ചാല്‍ത്തന്നെ ഭക്ഷണം ഉണ്ടാക്കരുത്.

Related Articles

Back to top button