IndiaLatest

വ്യാജ ചെക്ക് നൽകി രാമക്ഷേത്ര ട്രസ്റ്റിന്റെ 6 ലക്ഷം കവർന്നു

“Manju”

ന്യൂഡൽഹി • അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജ ചെക്കുകൾ ഉപയോഗിച്ച് 6 ലക്ഷം രൂപ തട്ടിയെടുത്തു. 2 തവണയായാണ് പണം പിൻവലിച്ചത്. മൂന്നാം തവണ 9.86 ലക്ഷം രൂപ പിൻവലിക്കാൻ ചെക്ക് നൽകിയപ്പോൾ ബാങ്ക് അധികൃതർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട്റായിയെ സ്ഥിരീകരണത്തിനായി വിളിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്. യുപി പൊലീസ് അന്വേഷണമാരംഭിച്ചു.

ലക്നൗവിലെ 2 ബാങ്കുകളിൽ ചെക്കു നൽകിയാണ് തട്ടിപ്പു നടത്തിയത്. ഈ മാസം ഒന്നിന് 2.5 ലക്ഷം, മൂന്നിന് 3.5 ലക്ഷം എന്നിങ്ങനെ പണം പിൻവലിച്ച് പഞ്ചാബ് നാഷനൽ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച ബാങ്ക് ഓഫ് ബറോഡ ശാഖയിൽ 9.86 ലക്ഷം രൂപയുടെ ചെക്ക് നൽകിയതോടെയാണ് ചംപട് റായിയെ ബാങ്കുകാർ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ പരാതിയിൽ കേസെടുത്തു. മാറ്റിയ ചെക്കുകളുടെ അതേ നമ്പറിലുളള യഥാർഥ ചെക്ക് ലീഫുകൾ ട്രസ്റ്റിന്റെ പക്കൽത്തന്നെയുണ്ട്.

അയോധ്യ ക്ഷേത്രനിർമാണ ട്രസ്റ്റിന് എസ്ബിഐയിൽ 2 അക്കൗണ്ടുകളാണുള്ളത്. കോടതി വിധി വന്ന ശേഷമുണ്ടാക്കിയ പുതിയ അക്കൗണ്ടിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് ഭാരവാഹികളിലൊരാൾ പറഞ്ഞു. കോടിക്കണക്കിനു രൂപ ഇതിലുണ്ട്.
അതിനിടെ, ക്ഷേത്രനിർമാണ ജോലികൾ ഈ മാസം 17നു ശേഷം തുടങ്ങും. നിർമാണച്ചുമതലയുളള ട്രസ്റ്റ് അംഗം നൃപേന്ദ്ര മിശ്ര നിർമാണക്കരാർ ലഭിച്ച എൽ ആൻഡ് ടിയുടെയും ആർക്കിടെക്റ്റുമാരുടെയും പ്രതിനിധികളുമായി ചർച്ച നടത്തി.

Related Articles

Back to top button