KeralaLatestThrissur

പോപ്പുലർ തട്ടിപ്പ്: മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി

“Manju”

തൃശൂർ• പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശി. ഇയാൾക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കും.

ഏതെല്ലാം രീതിയിൽ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികൾ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചതു കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണ്. തൃശൂർ സ്വദേശിയുടെ വിവരങ്ങൾ അതീവ രഹസ്യമായാണു പൊലീസ് കൈകാര്യം ചെയ്യുന്നത്.

വിവിധ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് കമ്പനികളിലേക്കു സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകർക്കു ലഭിക്കില്ലെന്ന സൂചനയാണു പുറത്തു വരുന്നത്. പോപ്പുലർ ഫിനാൻസിലാണു നിക്ഷേപമെങ്കിലും വിവിധ എൽഎൽപികളുടെ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. പോപ്പുലറിന്റെ ഈ എൽഎൽപിയിൽ നിക്ഷേപകനും പങ്കാളിയാണ്. പ്രസ്തുത എൽഎൽപിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ സംരംഭ പങ്കാളി എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായം.

ഫിനാൻസിൽ സ്വീകരിച്ച നിക്ഷേപം എൽഎൽപികളിലേക്കു മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്. എൽഎൽപികളിലേക്ക് നിക്ഷേപം സ്വീകരിച്ചാൽ ധനമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽനിന്നു രക്ഷപ്പെടാമെന്ന ഉപദേശം മുഖ്യസൂത്രധാരന്റേതാണ്.

തമിഴ്നാട്ടിലെ തെളിവെടുപ്പിനുശേഷം റോയിയുമായി അന്വേഷണ സംഘം ആന്ധ്രയിലേക്കു തിരിച്ചു. അതേസമയം, തമിഴ്നാട്ടിലേക്കു രണ്ടാമത് ഒരു അന്വേഷണ സംഘം ഇന്നലെ പുറപ്പെട്ടു. റോയിയുമായി തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളിൽ വീണ്ടും ഈ സംഘം പരിശോധന നടത്തും.

Related Articles

Back to top button