KasaragodKerala

പാഴ്സലിൽ എത്തിയത് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത് രാജ്യാന്തര ബന്ധം

“Manju”

പാഴ്സലിൽ എത്തിയത് കോടികളുടെ ലഹരിമരുന്ന്

നീലേശ്വരം • 48 കോടി രൂപയുടെ ലഹരിമരുന്നുമായി രാജ്യത്തെ വൻ നഗരങ്ങൾ ലക്ഷ്യമിട്ടു നടത്തിയ നീക്കം പാളിയതോടെ ഡൽഹി നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ നീലേശ്വരം സ്വദേശികളെക്കുറിച്ച് നാട്ടിലും അന്വേഷണം. നാട്ടിലെ ഇടപാടുകളും ബന്ധങ്ങളുമാണ് അന്വേഷണ വിഷയം. മുഹസിൻ അലി, ഷാജഹാൻ, അമൽ എന്ന ഹനീഫ, മുനാസിർ, വാഹിദ് എന്നിവരാണ് പിടിയിലായത്.

തൈക്കടപ്പുറം, പടന്നക്കാട് സ്വദേശികളായ ഇവരിൽ പലരും സമാനമായ കേസുകളിൽ നേരത്തെ പൊലീസ് പിടിയിലായവരെന്നു വിവരം. 10 കിലോ കഞ്ചാവുമായി കൊച്ചി വിമാനത്താവളത്തിലേക്കു പോകും വഴി 2 വർഷം മുൻപ് പിടിയിലായയാളാണ് തൈക്കടപ്പുറത്തെ മുനാസിർ. കൊട്രച്ചാൽ സ്വദേശി ഷാജഹാൻ ഒന്നരവർഷം മുൻപ് ലഹരിമരുന്നു കേസിൽ പെട്ട് ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മംഗളൂരു വിമാനത്താവളം വഴി ലഹരിമരുന്നു കടത്താൻ ശ്രമിച്ച കേസിൽ 3 വർഷം മുൻപാണ് ഹനീഫ ജയിൽശിക്ഷ അനുഭവിച്ചത്.

ശിക്ഷ കഴിഞ്ഞ് 6 മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. മയക്കുമരുന്ന് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തുന്ന മുഹസിൻ അലി മരക്കാപ്പ് കടപ്പുറം സ്വദേശിയാണ്. ഗൾഫ് ജീവിതകാലത്തെ ബന്ധങ്ങളാണ് ഇവരെയെല്ലാം തമ്മിലടുപ്പിച്ചത്. ജില്ലയുടെ തീരദേശത്തു വേരുറപ്പിക്കുന്ന ലഹരി റാക്കറ്റ് ഇവർക്കു പരിശീലന കളരിയൊരുക്കി. ഡൽഹിയിലെ മഹിപാൽപൂരിലേക്ക് കോവിഡിന്റെ മറവിൽ വ്യാജവിലാസത്തിലെത്തിയ പാഴ്സലിനെക്കുറിച്ചു രഹസ്യ വിവരം ലഭിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പാഴ്സൽ മാറ്റി ഡമ്മി പാഴ്സൽ വച്ച് പ്രതികളുടെ നീക്കവും വിവരങ്ങളും രഹസ്യമായി ചോർത്തുകയായിരുന്നു. വാഹിദ് എന്നയാൾക്കാണ് ആദ്യം പിടിവീണത്. ഇയാളെ ചോദ്യം ചെയ്തതോടെ നീക്കത്തിന്റെ ചുരുളഴിഞ്ഞു. ഒന്നിനു പിന്നാലെ ഒന്നായി മറ്റുള്ളവരും കുടുങ്ങുകയായിരുന്നു.

കണ്ടെത്തിയത് രാജ്യാന്തര ബന്ധം

നീലേശ്വരം സംഘത്തിൽ നിന്നാണ് ഫ്രാങ്ക് എന്ന ആഫ്രിക്കൻ സ്വദേശിയെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇയാൾ പറഞ്ഞതനുസരിച്ചു മ്യാൻമർ സ്വദേശിനി പാഴ്സലുകൾ ശേഖരിക്കാൻ എത്തിയപ്പോഴേക്കും പിടിവീണു. ഇവരിൽ നിന്നാണ് വൻ ഇട‌പാടുകളുടെ ചുരുളഴിഞ്ഞത്. പാഴ്സലുകൾ വാങ്ങി ഇമ്മാനുവൽ എന്നു പേരായ ഒരാൾക്ക് നൽകാനായിരുന്നു തനിക്കു കിട്ടിയ നിർദേശമെന്നു മ്യാൻമർ സ്വദേശിനി സമ്മതിച്ചിട്ടുണ്ട്. വിദേശത്തെ വൻമാഫിയയാണ് ഇടപാടുകൾക്കു പിന്നിലെന്നു വ്യക്തമായി.

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കൊറിയറുകൾ എത്തിയിരിക്കുന്നത്. വ്യാജരേഖകളും വിലാസവും ഉപയോഗിച്ചാണ് സ്വകാര്യ കൊറിയർ സർവീസുകൾ വഴി ഇവ എത്തിയത്. ലോക്ഡൗൺ സമയത്തടക്കം വൻതോതിൽ ഇവർ ഹെറോയിൻ കടത്തിയിരുന്നു. 1 കിലോ വീതം വരുന്ന 10ഓളം ഹെറോയിൻ പാഴ്സലുകൾ കടത്തിയിരുന്നുവെന്നാണ് വിവരം. 2 പാഴ്സലുകൾ കൂടി ലഭിക്കാനുണ്ടെന്നും നർകോട്ടിക് ബ്യൂറോ വ്യക്തമാക്കി.

Related Articles

Back to top button