KeralaLatest

സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ നീതി കൊടുങ്ങല്ലൂരിന് വീടൊരുങ്ങുന്നു

“Manju”

തൃശ്ശൂര്‍: നടനും മുന്‍ ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ തണലില്‍ പരസ്യ ചിത്രകാരന്‍ നീതി കൊടുങ്ങല്ലൂരിന് വീടൊരുങ്ങുന്നു. പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. ബിജെപി മാള മണ്ഡലം കമ്മറ്റിയുമായി ചേര്‍ന്നാണ് സുരേഷ് ഗോപി നീതി കൊടുങ്ങല്ലൂരിന് വീട് നിര്‍മ്മിച്ചു കൊടുക്കുന്നത്.

കഴിഞ്ഞ 37 വര്‍ഷമായി പരസ്യചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് നീതി കൊടുങ്ങല്ലൂര്‍. എന്നാല്‍ ഇതുവരെ തലചായ്‌ക്കാന്‍ സ്വന്തമായൊരു വീട് അദ്ദേഹത്തിനില്ല. അടുത്തിടെ നീതി കൊടുങ്ങല്ലൂരിന്റെ ദയനീയ അവസ്ഥ സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാദ്ധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹത്തിന് വീടൊരുക്കി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ സുരേഷ് ഗോപി രംഗത്ത് വന്നത്. തുടര്‍ന്ന് വീടിന്റെ പ്ലാന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി. ഇതിന് ശേഷമാണ് ഇന്നലെ രാവിലെ തറക്കല്ലിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാനായി സുരേഷ് ഗോപി സത്യന്‍ അന്തിക്കാടിനോട് ആവശ്യപ്പെടുകയായിരുന്നു.

ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജനറല്‍ സെക്രട്ടറി സിഎസ് അനുമോദ്, സെക്രട്ടറി സുനില്‍ വര്‍മ്മ, ബിജെപി തൃശ്ശൂര്‍ ജില്ല സെക്രട്ടറി ലോചനന്‍ അമ്പാട്ട്, സ്റ്റേറ്റ് കൗണ്‍സിലംഗം സുരേഷ് കെഎ, മൈനോററ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന്‍, വേണു ഗോപാല്‍ വിആര്‍, പൊയ്യ പഞ്ചായത്ത് വാര്‍ഡംഗങ്ങളായ അനില സുനില്‍, രാജേഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button