IndiaInternationalLatest

സിദ്ദിഖിയെ പിടികൂടിയത് പള്ളി ആക്രമിച്ച്‌ ; ക്രൂരമായി പീഡിപ്പിച്ച്‌ കൊന്നു

“Manju”

വാഷിംഗ്ടണ്‍ : പുലിറ്റ്‌സര്‍ ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പില്‍ അല്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മാദ്ധ്യമപ്രവര്‍ത്തകനായ സിദ്ദിഖി തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താലിബാന്‍ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അമേരിക്കന്‍ മാഗസിനായ വാഷിംഗ്ടണ്‍ എക്സാമിനറിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മുസ്ലീം പള്ളി ആക്രമിച്ചാണ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ വധിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സിദ്ദിഖി അഫ്ഗാനിസ്താനിലെത്തിയത്. ജൂലൈ 16 ന് കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ ആക്രമണം നടന്ന പ്രദേശത്തേയ്‌ക്ക് പോകുന്നതിനിടെ താലിബാന്‍ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അഫ്ഗാന്‍ സൈന്യം ചിതറിയോടി. സിദ്ദിഖിയോടൊപ്പമുണ്ടായിരുന്ന കമാന്‍ഡറും സംഘവും മറ്റ് സ്ഥങ്ങളിലേയ്‌ക്ക് രക്ഷപ്പെട്ടു. എന്നാല്‍ താലിബാന്‍ ആക്രമണം അവസാനിപ്പിച്ചില്ല. താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ സിദ്ദിഖിയെ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി സൈന്യം സമീപത്തുള്ള പള്ളിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ സിദ്ദിഖി പളളിയില്‍ ഉണ്ടെന്ന് താലിബാന് വിവരം ലഭിച്ചു. സിദ്ദിഖിയെ ലഭിക്കാന്‍ വേണ്ടി മാത്രം താലിബാന്‍ മുസ്ലീം പള്ളി ആക്രമിച്ച്‌ തകര്‍ത്തു എന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാരമായ പരിക്കുകളോടെ പള്ളിയില്‍ ഉണ്ടായിരുന്ന സിദ്ദിഖിയെ താലിബാന്‍ ഭീകരര്‍ ജീവനോടെ പിടികൂടി. മാദ്ധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവര്‍ സിദ്ദിഖിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സിദ്ദിഖിയെ രക്ഷിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ സൈനികരെയും താലിബാന്‍ കൊലപ്പെടുത്തി.
തലയ്‌ക്കും ശരീരത്തിലും ക്രൂര മര്‍ദ്ദനമേറ്റ് വെടിയുണ്ട കൊണ്ട് തുളഞ്ഞ നിലയിലായിരുന്നു സിദ്ദിഖിയുടെ മൃതദേഹമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതിലൂടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന്‍ ലംഘിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാദ്ധ്യമപ്രവര്‍ത്തകര്‍ സൈന്യത്തോടൊപ്പം ഉണ്ടെന്ന് അറിയിച്ചില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖിയെ വധിച്ചത് എന്നുമാണ് താലിബാന്‍ സംഭവത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സിദ്ദിഖിയുടെ മരണത്തില്‍ താലിബാന്‍ നല്‍കിയ വിശദീകരണം വെറും നാടകമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button