KeralaLatest

ഗായത്രിമോളുടെ സങ്കടത്തിന് ആശ്വാസമേകി തൊടുപുഴ പോലീസ്

“Manju”

കഴിഞ്ഞ കുറേനാളായി ഗായത്രിമോൾ നന്നായി ഒന്നുറങ്ങിയിട്ട്. ഭക്ഷണം ഇറങ്ങുന്നില്ല, ഒന്നു ചിരിക്കാൻ പോലും കഴിയുന്നില്ല. എങ്ങനെ മറക്കും താലോലിച്ചു വളർത്തിയ മണിക്കുട്ടിയെ… ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഗായത്രി മോൾക്ക് മണിക്കുട്ടിയെന്ന വെറുമൊരാടിനെയല്ല നഷ്ടമായത്, കുടുംബാംഗത്തെത്തന്നെയായിരുന്നു. മണിക്കുട്ടിക്ക് തീറ്റയും വെള്ളവുമെല്ലാം കൊടുക്കുന്നത് ഗായത്രിമോളായിരുന്നു. പക്ഷേ ഇന്ന് മണിക്കുട്ടിക്കു പകരമാവില്ലെങ്കിലും തൊടുപുഴ എസ് ഐ ബൈജു പി ബാബുവിൻ്റെ നേതൃത്വത്തിൽ ഒരാടിനെ വാങ്ങി ഗായത്രിമോളുടെ വീട്ടിലെത്തിച്ചു നൽകി.

റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടിയെന്ന ആടിനെ ആരോ മോഷ്ടിച്ചു കൊണ്ടു പോയെന്ന പരാതിയുമായാണ് റീനയും മോളും തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അന്വേഷിച്ചെങ്കിലും ആടിനെക്കുറിച്ച് വിവരമൊന്നും ലഭ്യമായില്ല. വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കി എസ് ഐ പുതിയൊരു ആടിനെ വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. സി ഐ സുധീർ മനോഹർ ഉൾപ്പെടെ ഏതാനും പോലീസ് ഉദ്യോഗസ്ഥരും കൂടി കയ്യിൽ നിന്നും പണം മുടക്കി കരിങ്കുന്നത്തുനിന്നും ആടിനെ മേടിച്ചു അഞ്ചിരിയിലെ വീട്ടിലെത്തി ആടിനെ കൈമാറുകയായിരുന്നു. ഗായത്രിയുടെയും അമ്മറീനയുടെയും കണ്ണുകളിലെ തിളക്കം മാത്രം കണ്ട് മനസു നിറഞ്ഞാണ് പോലീസ് സംഘം മടങ്ങിയത്.

Related Articles

Back to top button