KeralaLatest

ഡോക്ടര്‍ പൊലീസ്

“Manju”

 

ആലപ്പുഴ : പേരിനൊപ്പം ഡോക്ടര്‍ എന്നു കൂടി ചേര്‍ക്കാനായതിന്റെ സന്തോഷത്തിലാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ആലപ്പുഴ പഴവീട് മീനാക്ഷി സദനത്തില്‍ വിനോദ് കുമാര്‍.

ഡോക്ടറാകണമെന്ന് 28വര്‍ഷം മുമ്ബ് അമ്മ പറഞ്ഞ ആഗ്രഹം സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടിയാണ് സഫലമാക്കിയത്. 1995ല്‍ പത്താംക്ളാസില്‍ ഉന്നത വിജയം നേടിയെത്തിയപ്പോഴാണ് ഡോക്ടര്‍ എന്ന ആഗ്രഹം അമ്മ വിനോദിനോട് പങ്കുവച്ചത്. എം.ബി.ബി.എസ് നേടാനായില്ലെങ്കിലും പിന്നീട് കഠിന പരിശ്രമത്തിലൂടെ ഡോക്ടറേറ്റ് നേടിയെടുക്കുകയായിരുന്നു.

2003 ല്‍ പൊലീസില്‍ ജോലിയ്ക്ക് കയറിയ ശേഷമാണ് ഡിഗ്രി എഴുതി പാസായത്. തുടര്‍ന്നുള്ള യാത്രയില്‍ ക്രിമിനോളജിയിലും, സോഷ്യോളജിയിലും,സൈക്കോളജിയിലും ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കി. ഇതിനുശേഷമാണ് മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ പി എച്ച്‌.ഡി കരസ്ഥമാക്കിയത്. നിയമവുമായി സമരസപ്പെടാത്ത കുട്ടികളേയും,കുറ്റകൃത്യങ്ങളിലെ ഇരകളെയും കുറിച്ചായിരുന്നു ഗവേഷണം.

റിട്ട.സബ് ഇന്‍സ്‌പെക്ടര്‍ പരേതനായ സി.നടരാജന്റെയും ഓമനയുടെയും മകനായ വിനോദ് രണ്ടു തവണ എസ്.ഐ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ കാരണം നിയമനം ലഭിച്ചില്ല. ഇപ്പോള്‍ ജോലിസമയത്തിനു ശേഷം പലസ്ഥങ്ങളിലും സോഷ്യല്‍ പൊലീസിംഗിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നിലവില്‍ കേരള പൊലീസ് അക്കാഡമിയിലെ റിസര്‍ച്ച്‌ ആന്‍ഡ് പബ്ലിക്കേഷന്‍ വിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. അദ്ധ്യാപികയായ രഞ്ജിനിയാണ് ഭാര്യ. മക്കള്‍:ആദിദേവ് ആദിനന്ദ.

 

 

Related Articles

Back to top button