IndiaLatest

എഴുപത് നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

“Manju”

നരേന്ദ്ര മോദി അധികാരമേൽക്കുന്നതിനു തൊട്ടുമുൻപുള്ള ഒരു ദശാബ്ദം രാജ്യം അഴിമതിയുടെ അഗാധഗർത്തങ്ങളിൽ ആണ്ടുപോയ കാലമായിരുന്നു. പക്ഷേ, മോദിക്കോ അദ്ദേഹത്തിന്റെ കാബിനറ്റിലെ സഹപ്രവർത്തകർക്കോ എതിരെ കഴമ്പുള്ള ഒരു ആരോപണവും ഉയർത്താൻ ആർക്കുമായില്ല. മന്ത്രിമാരുടെ സെക്രട്ടറിമാർക്കെതിരെയും ആരും എവിടെയും ആരോപണം ഉന്നയിച്ചിട്ടില്ല. കേന്ദ്ര ഭരണകൂടത്തിലെ ആർക്കുമെതിരെ അഴിമതിയുടെ പേരിൽ ഒരു എഫ്ഐആർ പോലും ഉണ്ടായിട്ടില്ല. നീതിപീഠങ്ങൾനിന്നു നേരിട്ടോ, പൊതുതാൽപര്യ ഹർജികളുടെ പേരിലോ ആർക്കുമെതിരെ അഴിമതി അന്വേഷണ ഉത്തരവുണ്ടായിട്ടില്ല. അഴിമതിരഹിത രാജ്യമെന്ന സങ്കൽപത്തിലേക്കു മോദി നൽകിയ സംഭാവന വലുതാണ്.

21–ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാൻ കഴിയുമെന്ന് നമുക്ക് ഉറപ്പുനൽകുന്ന ശക്തിയാണു നരേന്ദ്ര മോദി. ആരെയും കടന്നാക്രമിക്കാതെ, സാമ്രാജ്യത്വ മോഹങ്ങളില്ലാതെ, വിശ്വശാന്തിക്കും ലോകക്ഷേമത്തിനും വേണ്ടി പ്രയത്നിക്കാൻ നമുക്കു കഴിയും. യുവാക്കളിലും പുതിയ തലമുറയിലും മോദി വലിയ പ്രതീക്ഷയാണ് അർപ്പിച്ചിട്ടുള്ളത്. ‘ഇന്ത്യ വളരെ വേഗം മുന്നേറും. നമ്മുടെ യുവാക്കളുടെ കഴിവുകൾ ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകും’ എന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്.

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കു കൂടുതൽ പിന്തുണയും വിശ്വാസവും അംഗീകാരവും നേടിയെടുക്കാൻ മോദി ഭരണകൂടത്തിന്റെ വിദേശനയം മൂലം കഴിഞ്ഞിട്ടുണ്ട്. അക്രമത്തിനു മുന്നിട്ടിറങ്ങുന്ന രാജ്യങ്ങളെ മിന്നലാക്രമണം വഴി പാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇന്ത്യയ്ക്കെതിരെ കോപ്പുകൂട്ടുന്ന ചൈനയോട് ‘ശഠനോട് ശാഠ്യ’മെന്ന നിലപാടു സ്വീകരിച്ച് നേട്ടമുണ്ടാക്കാൻ കഴിയുന്നു. ചൈന മന്ത്രിതല ചർച്ചയ്ക്കും പുതിയ പഞ്ചശീലങ്ങൾക്കും തയാറായതിനു പിന്നിൽ ഇന്ത്യയുടെ ഈ നിലപാടാണ്.

രാജ്യത്തിന്റെ പരമാധികാരം നിലനിർത്താനുള്ള ശ്രമത്തിൽ മോദിസർക്കാർ വൻ നേട്ടമാണു കൈവരിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങൾ വൻതോതിൽ കുറഞ്ഞു. രക്തച്ചൊരിച്ചിൽ കൂടാതെ അയോധ്യ പ്രശ്നം പരിഹരിച്ച് സൗഹൃദാന്തരീക്ഷത്തിൽ ശ്രീരാമക്ഷേത്രനിർമാണം തുടങ്ങാനായി. സ്വച്ഛ് ഭാരത്, ആയുഷ്മാൻ ഭാരത്, ഉജ്വല യോജന, സുകന്യ സമൃദ്ധി യോജന, ഗ്രാമീണ വൈദ്യുതി വ്യാപനം, റോഡുനിർമാണ പദ്ധതികൾ, എല്ലാവർക്കും ഭവന പദ്ധതി, കാർഷിക അഭിവൃദ്ധി തുടങ്ങി നൂറുകണക്കിനു വികസന പദ്ധതികൾ മോദി ഭരണകൂടത്തിന്റെ ബാലൻസ് ഷീറ്റിൽ തിളങ്ങിനിൽക്കുന്നു.

ഏറ്റവും ഒടുവിലായി, പ്രധാനമന്ത്രി മലയാളികളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് ജൂൺ 27ന് തിരുവല്ലയിൽ ഒരു ക്രിസ്തീയ സഭാധ്യക്ഷന്റെ നവതിയാഘോഷ വേളയിലാണ്. ‘പ്രധാനമന്ത്രിയായ എന്റെ വഴികാട്ടി ഇന്ത്യൻ ഭരണഘടനയാണെന്നും ആരോടും ഒരുതരത്തിലുള്ള വിവേചനവും കാട്ടാതെ എല്ലാവർക്കും തുല്യനീതിയും അവസരവും നൽകുമെന്നും’ അദ്ദേഹം ഉറപ്പുനൽകിയിരുന്നു.

ഭരണഘടനയോടും ജനാധിപത്യ മൂല്യങ്ങളോടും തികഞ്ഞ നീതി പുലർത്താൻ ഈ ഭരണാധിപനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ മാനിക്കുകയും അവരെ ശത്രുവായി കാണാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. ഇന്ത്യൻ ഭരണഘടന തനിക്കു വേദഗ്രന്ഥമാണെന്നും ഭഗവദ്ഗീതയും ബൈബിളും ഖുർആനുമൊക്കെപ്പോലെ പവിത്രമാണെന്നും ഉദ്ഘോഷിച്ച ഭരണാധികാരി കൂടിയാണദ്ദേഹം. ‘വസുധൈവ കുടുംബകം, സർവധർമ സമഭാവം’ എന്നീ തത്വങ്ങളോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്.

1950 സെപ്റ്റംബർ 17നു ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ വടനഗർ ഗ്രാമത്തിൽ ഒരു സാധാരണക്കാരന്റെ മൂന്നാമത്തെ മകനായി ജനിച്ചയാളാണ് സപ്തതിയിലെത്തിയ പ്രധാനമന്ത്രി. അച്ഛനും സഹോദരനുമൊപ്പം ചായക്കച്ചവടത്തിൽ പങ്കാളിയും സഹായിയുമായ ചരിത്രവും അദ്ദേഹത്തിനുണ്ട്. പ്രായപൂർത്തിയാകുമ്പോഴേക്കും സന്യാസജീവിതം കൊതിച്ച് ഹിമാലയസാനുക്കളിൽ ഒരു കൊല്ലം അദ്ദേഹം ചെലവിട്ടിരുന്നു. തിരിച്ചുവന്ന് ആർഎസ്എസ് പ്രവർത്തകനും അതിന്റെ മുഴുവൻ സമയ പ്രചാരകനുമായിത്തീർന്നു. ഗുജറാത്തിലെ വിദ്യാർഥി പരിഷത്തിന്റെയും അഴിമതിവിരുദ്ധ പ്രസ്ഥാനമായ നവനിർമാൺ സമിതിയുടെയും അമരക്കാരിലൊരാളായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് എതിരായ പോരാട്ടത്തിലും പങ്കെടുത്തിരുന്നു.

ബിജെപിയിൽ ചേർന്ന നരേന്ദ്ര മോദി ഗുജറാത്തിലെ ബിജെപി സംഘടനാ സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള ജനനായകനായി മാറുകയായിരുന്നു. 2001 മുതൽ 2014 മേയ് 21 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തനിക്കെതിരെ കുപ്രചാരണങ്ങളുടെ കൊടുങ്കാറ്റുയർന്നപ്പോഴും സമചിത്തതയോടെ നേരിട്ടു. ഗുജറാത്തിന്റെ വികസനം വൻ മുന്നേറ്റമായി ഉദിച്ചുയർന്നതോടെ, രാജ്യം കണ്ട മികച്ച ഭരണാധിപന്മാരിൽ ഒരാളായി അദ്ദേഹം മാറി.

ഉപനിഷത് സന്ദേശത്തിന്റെ ചേതന സ്വാംശീകരിക്കാനും പ്രസരിപ്പിക്കാനും കഴിയുന്ന അഭിനവ രാജർഷിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 മേയ് 26നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ‘രാഷ്ട്രായ സ്വാഹാ’ എന്ന ആശയം അദ്ദേഹത്തിൽ സന്നിവേശിച്ചിരുന്നു. അപ്പോൾ അദ്ദേഹത്തിൽ നിഴലിച്ചത് ഉപനിഷദ് വാക്യമായ ‘ഇദം ന മമ’ എന്നാണെന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതൊന്നും എന്റേതല്ല, രാഷ്ട്രത്തിന്റേതാണ് എന്ന തത്വമാണ് പ്രസ്തുത ഉപനിഷദ് വാക്യങ്ങളുടെ പൊരുൾ.

ഇതു നിർമിതബുദ്ധിയുടെ കാലം കൂടിയാണ്. പുരാതന സംസ്കൃതിയിൽ ഊന്നിനിന്നുകൊണ്ട് പുത്തൻ വിജ്ഞാനമേഖലകൾക്കായി മോദിസർക്കാർ രാജ്യത്തിന്റെ കവാടം തുറന്നിട്ടിരിക്കുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ‘ലോകത്തു വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ് രാജ്യമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുന്നു’ എന്നഭിപ്രായപ്പെട്ടത് ആവേശകരമാണ്. ആഗോള മാധ്യമഭീമൻ റുപർട് മർഡോക്ക് ‘സ്വതന്ത്ര ഇന്ത്യ കണ്ട, മികച്ച നയങ്ങളുള്ള വലിയ നേതാവായി’ട്ടാണ് മോദിയെ വിശേഷിപ്പിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തിൽനിന്ന് സമർപ്പണവും തപസ്സും കൊണ്ട് പ്രധാനമന്ത്രിപദത്തിൽ എത്തിയ മോദി, സ്വയം ജ്വലിക്കുന്നവനും സ്വതേജസ്സിനാൽ മറ്റുള്ളവരെ ജ്വലിപ്പിക്കുന്നവനുമായ ജനനായകനാണെന്നു തെളിയിച്ചിരിക്കുന്നു. മഹാനായ ഈ നേതാവിനു സപ്തതി നിറവിൽ ജന്മദിനാശംസകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു.

Related Articles

Back to top button