IndiaLatest

ഇന്ത്യയിൽ ഡ്രോൺ ആക്രമണത്തിനു പദ്ധതി; വീണ്ടും തലപൊക്കാൻ അൽഖായിദ ശ്രമം

“Manju”

ന്യൂഡൽഹി • ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 20–ാം വർഷത്തിലേക്കു കടക്കുമ്പോൾ അൽഖായിദയ്ക്ക് പഴയ കരുത്തില്ല. എന്നാൽ കരുത്താർജിക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്ന മുന്നറിയിപ്പ് ഇടയ്ക്കിടെ നൽകാൻ സംഘടന ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയിൽ ഇവർ ഡ്രോൺ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിക്കു വിവരം ലഭിച്ചിരുന്നു.

ഇന്ത്യൻ സേനയെ ആക്രമിക്കാനും സാമ്പത്തികമായി തകർക്കാനും കശ്മീർ ഭീകരർക്കു പിന്തുണ നൽകി കഴിഞ്ഞ വർഷം ജൂലൈയിൽ അൽഖായിദ രംഗത്തെത്തി.

ഇതുസംബന്ധിച്ച് അൽഖായിദ തലവൻ അയ്മൻ അൽ സവാഹിരി നൽകിയ വിഡിയോ സന്ദേശം കശ്മീർ വിഷയം കത്തിനിൽക്കുന്ന സമയത്താണു പുറത്തായത്.

ആഴ്ചകൾക്കു മുൻപ് അൽഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റിന്റെ (എക്യൂഐഎസ്) സഹായികളിലൊരാളായ ബെംഗളൂരു സ്വദേശി ഡോ. സബീൽ അഹമ്മദ് സൗദിയിൽ പിടിയിലായി. ഇയാളെ ഇന്ത്യക്കു കൈമാറി. ഐഎസിലേക്കും അൽഖായിദയിലേക്കും യുവാക്കളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു നേരത്തേ തന്നെ ഇയാൾ നോട്ടപ്പുള്ളിയാണ്. 2007 ൽ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ ഭീകരാക്രമണത്തിൽ സബീലിന്റെ മൂത്ത സഹോദരൻ കഫീൽ ചാവേറായിരുന്നു.

ജമ്മു–കശ്മീരിലെ രജൗറി ജില്ലയിൽ ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങളും പണവും വിതരണം ചെയ്യാനുള്ള പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ 3 പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ബാഗുമായി നീങ്ങുന്ന ഇവരെ പിന്തുടരുന്നതിനിടെ പൊലീസിനു നേരെ ഗ്രനേഡ് എറിഞ്ഞെങ്കിലും അവ പൊട്ടിയില്ല.

Related Articles

Back to top button