KeralaLatest

രണ്ടുപേർക്ക് മൃതസഞ്ജീവനിയായി അരുണും ….

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: മൃതസഞ്ജീവനിയുടെ നേത്യത്വത്തിൽ 2020-ലെ ഏഴാമത്തെ അവയവദാനം അരുൺ വർഗീസിലൂടെ. കൊല്ലം കടവൂർ പെരിനാട് കാട്ടുവിള പുതുവൽ വീട്ടിൽ അരുൺ വർഗീസ് (32) ബൈക്കപടകത്തിൽ പരിക്കേറ്റ് മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായത്. അങ്ങനെ അരുൺ വർഗീസിന്റേത് ഈ വർഷം മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത്തെ അവയവ ദാനമായി. കൊറോണക്കാലത്തെ നാലാമത്തേതും. അരുണിന്റെ രണ്ടു വൃക്കകളാണ് ദാനം ചെയ്യുന്നത്. ഒരു വൃക്ക കൊല്ലം മെഡിസിറ്റിയിലും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയ്ക്കുമാണ് നൽകിയത്. കൊല്ലം ഡി എം ഒ ഡോ മണികണ്ഠൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരി എന്നിവരുടെ ഇടപെട്ട് മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള എം പാനൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയതോടെ എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനായി.
മേയ് ഒന്നിന് അരുണും സുഹൃത്ത് ശരത്തും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഇരുവർക്കും സാരമായി പരിക്കേറ്റത്. ശരത്തും ഗുരുതരാവസ്ഥയിൽ മെഡിസിറ്റിയിൽ ചികിത്സയിലാണ്. രണ്ടു പേരും അലുമിനിയം ഫാബ്രിക്കേഷൻ വർക്കർമാരാണ്. അരുണിന്റെ ബന്ധുക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ കോ-ഓർഡിനേറ്റർമാർ തിരുവനന്തപുരത്തു നിന്നും മെഡിസിറ്റിയിലെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഭാര്യ: ഗീതു രാജ്
അഞ്ചുമാസം പ്രായമുള്ള ആൻ മകളാണ്. സംസ്കാരം തിങ്കളാഴ്ച കടവൂർ പള്ളിയിൽ നടക്കും.

Related Articles

Leave a Reply

Back to top button