KeralaLatestThiruvananthapuram

സംസ്ഥാനത്ത് 8 ദിവസത്തിനിടെ 9507 കൊറോണ രോഗികള്‍

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഉയരുമെന്ന് കണക്കാക്കിയ ഓഗസ്റ്റില്‍ എട്ട് ദിവസത്തിനിടെ മാത്രം രോഗം ബാധിച്ചത് 9507 പേര്‍ക്ക്. ഈ ദിവസങ്ങളില്‍ 33 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍, വിവിധ കാരണങ്ങളാല്‍ പട്ടികയില്‍ നിന്നൊഴിവാക്കിയ 26 മരണങ്ങള്‍ വേറെയുമുണ്ട്. ലോക്ക്ഡൗണിലും തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മാത്രം മൂന്ന് ദിവസത്തിനിടെ ഉണ്ടായത് 302 രോഗികളാണ്.

കൊറോണയില്‍ ഓഗസ്റ്റ് മാസം നിര്‍ണായകമാവുമെന്നാണ് മുന്നറിയിപ്പുകള്‍. ഓഗസ്റ്റിലേക്ക് കടന്നപ്പോള്‍ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രം. എട്ട് ദിവസത്തിനിടെ 9507 കൊറോണ രോഗികള്‍. അതില്‍ 2333ഉം തിരുവനന്തപുരം ജില്ലയില്‍. സമ്പര്‍ക്കത്തിലൂടെ മാത്രം വ്യാപനമെന്ന സ്ഥിതി. ലോക്ക്ഡൗണിലും ജില്ലയില്‍ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല, ക്ലസ്റ്ററുകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

അഞ്ചുതെങ്ങില്‍ മൂന്ന് ദിവസത്തിനിടെ 302 പേര്‍ക്ക് രോഗം ബാധിച്ചു. ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടിട്ടും സ്ഥിതിയില്‍ മാറ്റമില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. രോഗം ഉയരുന്നതിനൊപ്പം മരണസംഖ്യയിലും വര്‍ധനവുണ്ടാകുന്നു. 8ദിവസത്തിനിടെ 33 മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതേസമയം വിവിധ കാരണങ്ങളാല്‍ 26 മരണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.ഇതുസംബന്ധിച്ച ഭിന്നാഭിപ്രായം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. സംസ്ഥാനത്താകെ ഇതുവരെ മരണം 106 ആയി. ഒഴിവാക്കിയത് 40 മരണങ്ങള്‍. രോഗമുക്തിയും ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button