IndiaKeralaLatestThiruvananthapuram

മൊറട്ടോറിയത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കരുത്; കേന്ദ്രസര്‍ക്കാര്​

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുത്. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിംഗ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രണ്ട് കോടി വരെയുളള വായ്പകള്‍ക്ക് കൂട്ടു പലിശ ഒഴിവാക്കാനാണ് തീരുമാനം.

സാമ്പത്തിക നയ രൂപീകരണത്തിന് ഉളള അധികാരം സര്‍ക്കാരിന് ആണെന്നും കേന്ദ്രം സത്യവാംഗ്‌മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാംഗ്‌മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ബാങ്കുകള്‍ ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ആണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാംഗ്‌മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

കേന്ദ്ര ബജറ്റിന് പുറത്തുള്ള ചെലവ് ആയതിനാല്‍ പാര്‍ലമെന്റും ഇളവുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിംഗ് മേഖലയേയും ബാധിക്കുന്ന വിഷയം ആയതിനാല്‍ നയപരമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ആണെന്നും അതില്‍ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാംഗ്‌മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകല്യം നല്‍കാന്‍ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാംഗ്‌മൂലത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സര്‍ക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ച്‌ ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാല്‍ എക്സ്പെന്‍ഡീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി ഇളവുകള്‍ ആദ്യം വിലയിരുത്തും. തുടര്‍ന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാന്‍ കഴിയൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Related Articles

Back to top button