KeralaKottayamLatest

സ്ഥാനാർഥിക്ക് കോവിഡ് ,എല്ലാ സ്ഥാനാർഥികളും പൊതുപ്രചാരണ പരിപാടികൾ നിർത്തി

“Manju”

പാലാ • ഒരു സ്ഥാനാർഥി കോവിഡ് പോസിറ്റീവ് ആയതോടെ പാലാ നഗരസഭയിൽ യുഡിഎഫിന്റെ എല്ലാ സ്ഥാനാർഥികളും പൊതുപ്രചാരണ പരിപാടികൾ നിർത്തി. നഗരസഭ 20-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജോഷി ജോൺ വട്ടക്കുന്നേലാണു പോസിറ്റീവായത്.സ്ഥാനാർഥികളുടെയും രാഷട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിൽ കഴിഞ്ഞ ദിവസം ജോഷി പങ്കെടുത്തിരുന്നു.

പത്രിക സമർപ്പിച്ച ദിവസവും ചിഹ്നം അനുവദിച്ച ദിവസവും പൊതുപരിപാടികളിലും യുഡിഎഫ് യോഗത്തിലും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥികളും കുടുംബാംഗങ്ങളും 30 വരെ നിരീക്ഷണത്തിലായിരിക്കും. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും ഫോണിലൂടെയും വോട്ടു തേടും. 30 ന് പരിശോധനയ്ക്കു ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ നേരിട്ടുള്ള പ്രചാരണത്തിന് ഇറങ്ങൂവെന്ന് യുഡിഎഫ് നേതാക്കളായ കുര്യാക്കോസ് പടവൻ, സതീശ് ചൊള്ളാനി എന്നിവർ പറഞ്ഞു.

അതേ സമയം ജോഷി ജോൺ വട്ടക്കുന്നേൽ പങ്കെടുത്ത യോഗങ്ങളിലുണ്ടായിരുന്ന മറ്റു പാർട്ടികളുടെ സ്ഥാനാർഥികളും നേതാക്കളും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് ആരോപിച്ചു.

നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ ഇന്നു കോവിഡ് പരിശോധന നടത്തും. യുഡിഎഫ് സ്ഥാനാർഥിക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ്, നഗരസഭാധികൃതർ എന്നിവർ നിരീക്ഷണ നിർദേശമൊന്നും ഇതേവരെ നൽകിയിട്ടില്ലെന്ന് ഭാരവാഹികളായ വി.ടി.തോമസും ഷാർളി മാത്യുവും പറഞ്ഞു.

ജില്ലയിൽ ഇതു വരെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനു കുറച്ചു ദിവസങ്ങൾ മാത്രമാണുള്ളത്. ഈ സമയം ക്വാറന്റീനിൽ പോകേണ്ടി വരുന്നതോ കോവിഡ് പോസിറ്റീവ് ആകുന്നതോ സ്ഥാനാർഥിക്കും വോട്ടർക്കും ഒരുപോലെ നഷ്ടമാണ്. കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എം.അഞ്ജന പറഞ്ഞു.

Related Articles

Back to top button