IndiaLatest

‘ജാഗ്രതക്കുറവുണ്ടായി’; സാംസ്‌കാരികമന്ത്രിക്ക് കത്ത് എഴുതിയത് വ്യക്തിപരമായെന്ന് കമല്‍

“Manju”

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പ്രതികരണവുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക മന്ത്രി എകെ ബാലന് കത്ത് എഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സംവിധായകന്‍ പറഞ്ഞു. അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ വീഴ്ച്ച പറ്റി. കത്ത് വ്യക്തിപരമായിരുന്നു. അതുകൊണ്ടാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി ലെറ്റര്‍ കാണാതിരുന്നതെന്നും കമല്‍ പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കമലിന്റെ കത്ത് വിവാദമായിരുന്നു. ചെയര്‍മാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന് നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടിരുന്നു. അക്കാദമദിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചത്. താന്‍ ചൂണ്ടിക്കാണിക്കുന്ന നാല് പേരെ സ്ഥിരപ്പെടുത്തിയാല്‍ അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കുമെന്ന് കമല്‍ കഴിഞ്ഞ ആഗസ്റ്റ് 17ന് അയച്ച കത്തില്‍ പറയുന്നു.

ഇടതുപക്ഷ അനുഭാവികളും പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും

ഈ വസ്തുതകള്‍ പരിഗണിച്ച്‌ ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി എച്ച്‌, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി പി എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അക്കാദമി ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

കമലിന്റെ കത്തിന് മറുപടി നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച്‌ തന്നെ പ്രതികരിച്ചു. അക്കാദമിയില്‍ ജീനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മാനദണ്ഡം ഇടത് അനുഭാവമല്ലെന്നും അത് കമലിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button