Uncategorized

മൊബൈലിലും കറന്‍സിയിലും കൊറോണ വൈറസ് 28 ദിവസത്തോളം നശിക്കാതെ നില്‍ക്കുമെന്ന് പഠനം

“Manju”

സിന്ധുമോൾ. ആർ

ബ്രിസ്ബെയ്ന്‍ (ആസ്ത്രേലിയ): നിര്‍ജ്ജീവ പ്രതലങ്ങളിലും കൊറോണ വൈറസിന്റെ ആയുര്‍ദൈര്‍ഘ്യം ചെറുതല്ലെന്ന് സൂചന നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. ബാങ്ക് കറന്‍സി, മൊബൈല്‍ ഫോണ്‍, ഗ്ലസ്, പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ തണുത്തതും ഇരുണ്ടതുമായ സാഹചര്യങ്ങളില്‍ കൊറോണ വൈറസ് 28 ദിവസം വരെ ജീവിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആസ്‌ത്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത താപനിലയില്‍ കൊറോണ എങ്ങനെ അതിജീവിക്കുമെന്നായിരുന്നു പഠനം. ചൂടുകൂടിയ അവസ്ഥയില്‍ വൈറസിന്റെ അതിജീവനകാലം കുറവാണെന്ന് ആസ്ത്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ പറയുന്നു. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍, ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക് ബാങ്ക് നോട്ടുകള്‍ പോലെയുള്ള പ്രതലങ്ങളില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) സാര്‍സ് കോവ്-2 വൈറസ് ഏറ്റവും ബലിഷ്ഠമായിരിക്കും. 28 ദിവസം വരെ വൈറസ് അതിജീവിക്കും.

30 ഡിഗ്രി സെല്‍ഷ്യസില്‍ (86 ഡിഗ്രി ഫാരന്‍ഹീറ്റ്) ഏഴ് ദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ (104 ഡിഗ്രി ഫാരന്‍ഹീറ്റ്) 24 മണിക്കൂറുമായിരിക്കും അതിജീവന ശേഷി. ആഗിരണശേഷി ഇല്ലാത്ത പ്രതലങ്ങളില്‍ നാല് ദിവസം വരെ വൈറസ് അതിജീവിച്ചേക്കുമെന്നാണ് ജേര്‍ണലിന്റെ പഠന റിപ്പോര്‍ട്ട്. അതേസമയം, കുറഞ്ഞ അന്തരീക്ഷ താപനിലയിലും കോട്ടണ്‍ പോലെയുള്ള പ്രതലങ്ങളില്‍ 14 ദിവസം വരെയായിരിക്കും വൈറസിന് അതിജീവിക്കാന്‍ കഴിയുക. കൂടിയ ചൂടില്‍ 16 മണിക്കൂറില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

എന്നാല്‍ ഇത്രയും അതിജീവന ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് പടരാനുള്ള കഴിവുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ആസ്ത്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസസ് പ്രിപേര്‍ഡ്നസ് ഡയറക്ടര്‍ ട്രെവര്‍ ഡ്രൂ പറയുന്നു. അതേസമയം, വൈറസ് അതിജീവിക്കുന്ന ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ഒരാള്‍ അശ്രദ്ധമായി കൈകള്‍ കണ്ണിലോ മൂക്കിലോ സ്പര്‍ശിച്ചാല്‍ അവ പടരാനുള്ള സാധ്യത കൂടുതലാണെന്നും വൈറോളജി ജേര്‍ണല്‍ പറയുന്നു. കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ പഠനം.

Related Articles

Back to top button