IndiaInternationalKeralaLatest

വയനാട്ടില്‍ അഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു

“Manju”

സിന്ധുമോൾ. ആർ

വൈത്തിരി: ഏഴുമാസത്തെ ഇടവേളക്കുശേഷം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള അഞ്ചു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു. ആദ്യഘട്ടത്തില്‍ പൂക്കോട്, എടക്കല്‍ ഗുഹ, കര്‍ളാട്, കുറുവ ദ്വീപ്, പഴശ്ശി പാര്‍ക്ക് എന്നിവയാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ആദ്യ ദിനമായ വെള്ളിയാഴ്ച കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളെത്തി. പൂക്കോടാണ് കൂടുതല്‍ സഞ്ചാരികളെത്തിയത്, 196 പേര്‍.

എടക്കല്‍ ഗുഹയില്‍ 50 പേരും കര്‍ളാട് തടാകത്തില്‍ 32 പേരും കുറുവ ദ്വീപില്‍ 20 പേരും മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ 12 പേരും എത്തി. ഒരേസമയം കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കോട് (100 പേര്‍), എടക്കല്‍ ഗുഹ (100), കര്‍ളാട് (100), കുറുവ ദ്വീപ് ചങ്ങാട സവാരി (50), പഴശ്ശി സ്മാരകം (150) എന്നിങ്ങനെയാണ് നിയന്ത്രണം. സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലും ജീവനക്കാരെ തിരികെ വിളിക്കുന്നതിലുമുണ്ടായ കാലതാമസം മൂലമാണ് വിനോദ കേന്ദ്രങ്ങള്‍ തുറക്കുന്നത് വൈകിയത്.

വ്യാഴാഴ്ച രാത്രി കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് ജീവനക്കാര്‍ വിവരമറിയുന്നത്. ഇതര ജില്ലക്കാരായ വിനോദസഞ്ചാരികളാണ് എല്ലായിടത്തും എത്തിയത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌​ സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. ബാക്കിയുള്ള കേന്ദ്രങ്ങള്‍കൂടി ഘട്ടംഘട്ടമായി തുറക്കുന്നതോടെ ടൂറിസം മേഖല കൂടുതല്‍ ഉണരും.

Related Articles

Back to top button