KeralaLatest

ഭക്ഷണമില്ല, പണിയില്ല, പണമില്ല അതിഥിതൊഴിലാളികള്‍ നടന്നു പോകുന്നു…

“Manju”

രജിലേഷ് കെ.എം.

ബംഗലുരു: നാട്ടിലേക്ക് മടങ്ങാന്‍ അന്യ സംസ്ഥാന തൊഴിലാളികളോട് ഒരാള്‍ക്ക് 2000 വീതം തലയെണ്ണി പോലീസ് ചോദിച്ചതിനെ തുടര്‍ന്ന് ബംഗലുരുവിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 2000 കിലോമീറ്റര്‍ അകലെയുള്ള ഝാര്‍ഖണ്ഡിലേക്ക് നടന്നു പോകുന്നു. നാട്ടിലെത്തിക്കാന്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിയോട് 2000 ചോദിച്ചത് കര്‍ണാടക യെലഹങ്കയിലെ പോലീസാണെന്ന് ബാംഗ്‌ളൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണിയില്ലാതെ വരികയും പിന്നാലെ കോണ്‍ട്രാക്ടര്‍ കയ്യൊഴിയുകയും ചെയ്ത സാഹചര്യത്തില്‍ പട്ടിണിക്ക് അഭയസ്ഥാനമില്ലാതെ അന്യനാട്ടില്‍ ആറാഴ്ച കഴിയേണ്ടി വന്ന സാഹചര്യത്തിലാണ് കര്‍ണാടകത്തിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ നടന്നു പോകാന്‍ തയ്യാറെടുക്കുന്നത്. ഗൂഗിള്‍മാപ്പില്‍ പ്രതീക്ഷ വെച്ച് 20 – 25 ദിവസങ്ങള്‍ കൊണ്ട് 2000 കിലോമീറ്റര്‍ സഞ്ചരിച്ച് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഈ യാത്ര.

യാത്രയ്ക്കായി സര്‍ക്കാര്‍ ബസ്, ട്രെയിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് പ്രഖ്യാപനം വന്നെങ്കിലും എവിടെ നിന്നും ടിക്കറ്റ് വാങ്ങും എത്ര രൂപയാകും എന്നതിനേക്കുറിച്ച് വ്യക്തത ഇല്ലാതെയും ടിക്കറ്റിന് നിരക്ക് കൂടുമെന്ന അഭ്യൂഹം പ്രചരിക്കുകയും ചെയ്തതോടെയാണ് 2000 കി.മീ. എന്നത് പരിഗണിക്കാതെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രയായ നടപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഝാര്‍ഖണ്ഡില്‍ നിന്നും ബംഗലുരുവില്‍ മാത്രം 200 അതിഥി തൊഴിലാളികളാണ് ഉള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വെച്ചതിനാല്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക സൗകര്യം ഒരുക്കാന്‍ പോലും കരാറുകാരുടെ കയ്യില്‍ പണമില്ല. ലോക്ക്ഡൗണ്‍ നീണ്ടാല്‍ എന്ന ആശങ്കയാണ് പലര്‍ക്കും. എല്ലാവരും എന്നാണ് തങ്ങളെ തിരിച്ചയയ്ക്കുക എന്ന് കരാറുകാരനോട് ചോദിക്കുകയാണ്. ഇനിയും രണ്ടോ മൂന്നോ ആഴ്ച എടുക്കുമെന്നാണ് കിട്ടുന്ന മറുപടി. ജോലി വീണ്ടും ആരംഭിക്കുന്നത് വരെ തങ്ങള്‍ എവിടെ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. കഴിയുന്നതും വേഗത്തില്‍ നാട്ടിലേക്ക് മടങ്ങിക്കൊള്ളാനാണ് കിട്ടിയ നിര്‍ദേശം.

ഇവര്‍ക്ക് നല്‍കിയിരുന്ന വെള്ളവും വെളിച്ചവും ഭക്ഷണവുമെല്ലാം നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്്. വെള്ളവും വൈദ്യുതിയും വിഛേദിക്കുക കൂടി ചെയ്തതോടെ ഭക്ഷണത്തിന് പോയിട്ട് വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പോലും കഴിയാതെ ജീവിതം ദുഷ്‌ക്കരമായിപ്പോയി. ഇതോടെയാണ് പലരും നടന്നെങ്കില്‍ നടന്ന് എന്ന മട്ടില്‍ യാത്രയ്ക്ക് തയ്യാറെടുത്തത്. മുതിര്‍ന്നവരാണ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 50 ഓളം ഗ്രൂപ്പുകള്‍ നാട്ടിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചത്. സാമ്പിഗേഹള്ളിയില്‍ നിന്നും ഞായറാഴ്ച മുതല്‍ നൂറു മുതല്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് നടന്നുള്ള മടക്കം തുടങ്ങിയത്. പലരുടേയും യാത്ര കേവലം 15 കി.മീ. നടന്നപ്പോള്‍ തന്നെ അവസാനിച്ചു. ബംഗലുരു – ഹൈദരാബാദ് ഹൈവേയില്‍ പോലീസ് തടഞ്ഞു.

രണ്ടു ദിവസം മുമ്പാണ് ഇവരില്‍ ചിലര്‍ സാംപിഗേഹള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരങ്ങള്‍ ചോദിച്ചത്. ഇതിന് കിട്ടിയ മറുപടി ഝാര്‍ഖണ്ടില്‍ എത്തിക്കാന്‍ ഒരാള്‍ക്ക് 2000 രൂപ വീതം നല്‍കേണ്ടി വരുമെന്നാണ്. ഇത്രയും പണം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് നടന്നു പോകാമെന്ന ആലോചന വന്നത്. വസ്ത്രങ്ങളും പുതപ്പുകളും അടങ്ങിയ ബാഗുകള്‍ പാക്ക്് ചെയ്ത ഇവര്‍ നാട്ടിലേക്ക് നടന്നു പോകാന്‍ വഴി കണ്ടെത്താന്‍ ഗൂഗിള്‍മാപ്പിനെയാണ് ആശ്രയിക്കുന്നത്. 2000 കിലോമീറ്റര്‍ പിന്നിടാന്‍ 25-20 ദിവസമെങ്കിലും എടുത്തേക്കുമെന്നാണ് കരുതുന്നത്.

കയ്യില്‍ ബാക്കിയുള്ള അല്‍പ്പ ഭക്ഷണം കഴിച്ച് ഇവര്‍ യാത്ര തുടങ്ങിയിട്ടുണ്ട്. 33 ഡിഗ്രി സെന്റിഗ്രേഡ് ചൂടിലായിരുന്നു യാത്ര. എന്നാല്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മി ഇടപെട്ട് തിരിച്ചയച്ചു. ഇവരുടെ കരാറുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വേണ്ടുന്ന അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. വിവാദമായതോടെ ഝാര്‍ഖണ്ഡിലേക്കുള്ള യാത്രയില്‍ ആദ്യം 2000 രൂപ പറഞ്ഞിരിക്കുന്ന പോലീസുകാര്‍ ഇപ്പോള്‍ ട്രെയിന്‍യാത്രയ്ക്ക് 900 രുപ മതിയെന്ന് തിരുത്തിയിട്ടുണ്ട്്. ബിഎംടിസി ഉദ്യോഗസ്ഥര്‍ ഈ പണം സ്വരൂപിച്ചിട്ട് ടിക്കറ്റ് വിതരണം ചെയ്യും. പോലീസ് കൂടുതല്‍ പണം ചോദിച്ചത് അന്വേഷണം നടത്തുമെന്ന് പോലീസ് ഉന്നതരും പറഞ്ഞിരിക്കുകയാണ്.

ബഗാലൂരില്‍ നിന്നും ബീഹാറിലേക്ക് തിരിച്ച 39 പേര്‍ അടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം 15 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. യെലഹങ്ക കോഗിലു സിഗ്നലില്‍ വെച്ചാണ് ഇവരെ തടഞ്ഞത്. നഗരത്തില്‍ ഒരു പണിയും നടക്കാത്തതിനാല്‍ തങ്ങളുടെ കയ്യില്‍ ട്രെയിന്‍ ടിക്കറ്റിനുള്ള പണം പോലുമില്ലെന്നും ടിക്കറ്റ് എടുത്തു നല്‍കാന്‍ കോണ്‍ട്രാക്ടറോട് പറഞ്ഞെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ നടന്നു പോകുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്നാല്‍ അതിന് പോലീസും അനുവദിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

അതിനിടയില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് കര്‍ണാടകാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 1 ന് അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ടിക്കറ്റ് തുക ഈടാക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റിന് അപേക്ഷ നല്‍കാന്‍ ഞായറാഴ്ച രാവിലെ സാംപിഗെഹള്ളി പോലീസ് സ്‌റ്റേഷനില്‍ വന്‍ തിരക്കായിരുന്നു. ആധാര്‍ കാര്‍ഡും കോണ്ടാക്ട് വിവരങ്ങളും നല്‍കാനായി അതിഥി തൊഴിലാളികളടെ വന്‍ നിര തന്നെ എത്തിയിരുന്നു. നാട്ടില്‍ പോകാന്‍ 2000 രൂപ ചെലവ് വരുമെന്നാണ് അധികൃതര്‍ രണ്ടു ദിവസം മുമ്പ് അറിയിച്ചത്. ഇതിനേ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം ബംഗാളില്‍ എത്തേണ്ട 35 അംഗ ടീമിന് കണ്ടെത്തേണ്ടി വരുന്നത് 70,000 രൂപയാണ്. വേലയും കൂലിയുമില്ലാതെ ഈ പണം എങ്ങിനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു സംഘം.

Related Articles

Back to top button