KeralaLatestThiruvananthapuram

മൊറട്ടോറിയം: കാലാവധി ഇന്ന് അവസാനിക്കും, നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 31 വരെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തെഴുതി. മറ്റു സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. മാര്‍ച്ച്‌ ഒന്ന് മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതേസമയം മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്.
മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ഈ കാലയളവിലെ ഭീമമായ പലിശയില്‍ ഇളവു നല്‍കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. കാലാവധി നീട്ടി നല്‍കിയില്ലായെങ്കില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം. മൊറട്ടോറിയം തെരഞ്ഞെടുത്തവര്‍ക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയില്‍ ഉള്‍പ്പെടും.
ഈ സാഹചര്യത്തില്‍ പലിശയ്ക്കു മേല്‍ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വര്‍ധിക്കും. മൊറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്. മൊറട്ടോറിയം തെരഞ്ഞെടുത്തതിനാല്‍ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍, സെപ്റ്റംബര്‍ മുതല്‍ മുടങ്ങിയാല്‍ ബാധിക്കും.

Related Articles

Back to top button