KeralaLatestThiruvananthapuram

നെയ്യാറ്റിന്‍കര ഗേള്‍സ് എച്ച്.എസ്.എസിന് പുതിയകെട്ടിടം

“Manju”

വാർത്താക്കുറിപ്പ് (1)
ജില്ലാ ഇൻഫർമേഷൻ ഓഫിസ്
തിരുവനന്തപുരം
28 ഒക്ടോബർ 2020

നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടുകോടി ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു.  കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായി.  ഇത് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും രണ്ടുകോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.  നിലവിലുള്ള 6,000 ചതുരശ്ര അടി കെട്ടിടത്തിനു മുകളില്‍ രണ്ടു ബ്ലോക്കുകളായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ആദ്യ ബ്ലോക്കില്‍ 8 ക്ലാസ് മുറികളും രണ്ടാമത്തെ ബ്ലോക്കില്‍ മൂന്ന് ക്ലാസ് മുറികളും ഉണ്ടാകും.  നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ അനുഭവപ്പെടുന്ന ക്ലാസ് മുറികളുടെ അപര്യാപ്ത പൂര്‍ണമായും പരിഹരിക്കപ്പെടും.

ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ലൂ.ആര്‍. ഹീബ അധ്യക്ഷത വഹിച്ചു.  നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലി ഫാത്തിമ, പ്രിന്‍സിപ്പല്‍ ജി.ദീപ, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ടൈ-സെക്യൂര്‍ സാനറ്റൈസര്‍ വിപണിയിലേക്ക്

ടൈ-സെക്യൂര്‍ എന്ന പേരില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഹാന്‍ഡ് സാനറ്റൈസര്‍, വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ നിര്‍മാണ പ്ലാന്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ടൈറ്റാനിയം നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് ടൈ-സെക്യൂര്‍ എന്ന ബ്രാന്‍ഡിലൂടെ പുറത്തിറക്കുന്നത്.  മിതമായ വിലയില്‍ ഇവ ലഭ്യമാക്കുന്നതിനാല്‍ വിപണിയിലെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാനാകും. കഴിയുന്നത്ര വേഗത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ദിവസം കൊണ്ടാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രതിദിനം 5,000 ലിറ്റര്‍ സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ പ്ലാന്റിനു കഴിയും. 100, 200, 500 എം.എല്‍, 5 ലിറ്റര്‍ എന്നീ ശ്രേണിയിലാകും സാനറ്റൈസര്‍ വിപണിയിലെത്തിക്കുക.  കൂടാതെ വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് ചെയര്‍മാന്‍ എ.എ റഷീദ്, ഡയറക്ടര്‍ വി. ശിവന്‍കുട്ടി, എം.ഡി ജോര്‍ജ് നൈനാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

ഒക്ടോബര്‍ 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സ്ഥലങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നല്‍ തുടര്‍ന്നേക്കാം. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കണം.  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം.  ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.

വീടിനുള്ളിലാണെങ്കില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കാന്‍ പരമാവധി ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.   ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും ആരും വിട്ടുനില്‍ക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരള സാംസ്‌കാരിക പൈതൃകത്തിന് ഉണര്‍വേകാനൊരുങ്ങി രംഗകലാകേന്ദ്രം

കേരളത്തിന്റെ പരമ്പരാഗത നാടന്‍ കലകളുടെയും ആയോധന വിദ്യയുടെയും പൈതൃകവും സംസ്‌കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് വര്‍ക്കലയില്‍ രംഗകലാകേന്ദ്രം (സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സ്) ഒരുങ്ങുന്നു. പൊതുമേഖലയിലെ രാജ്യത്തെതന്നെ ആദ്യ രംഗകലാകേന്ദ്രമാണിത്.

ടൂറിസം വകുപ്പിനു കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കറില്‍ 13,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കേന്ദ്രം ഒരുങ്ങുന്നത്.  10 കോടി ചെലവിട്ടാണ് നിര്‍മാണം നടത്തുന്നത്. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് രംഗകലാകേന്ദ്രത്തിന്റെ ഉപദേഷ്ട്ടാവ്.  കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ, കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആനപള്ള മതില്‍, താമരക്കുളം, ആംഫി തീയറ്റര്‍ എന്നിവ ഇവിടെയുണ്ടാകും.  ഇവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവയ്ക്കും കേന്ദ്രത്തില്‍ അവസരമുണ്ടാകും.

സിംഗപ്പൂരിലെ അസോസിയേഷന്‍ ഓഫ് ഏഷ്യാ പസഫിക് പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററുമായി സഹകരിച്ച് കേരളത്തിലെ കലാരൂപങ്ങളെ രംഗകലാകേന്ദ്രം വഴി ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.  ഭാവയില്‍ രംഗകലാകേന്ദ്രത്തെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും അണിയറയില്‍ ആസൂത്രണം ചെയ്യുന്നു.

കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും പ്രചരിപ്പിക്കുന്നത് വഴി വിദേശ ടൂറിസ്റ്റുകളെയടക്കം ആകര്‍ഷിക്കാനും ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക ഇടം കണ്ടെത്താനും സാധിക്കും.  അന്താരാഷ്ട്ര വിനോദ സഞ്ചാര രംഗത്തെ വലിയൊരു കുതിച്ചു ചാട്ടത്തിനുകൂടി രംഗകലാകേന്ദ്രം വഴിയൊരുക്കും.

പ്രിന്‍സിപ്പല്‍ ഒഴിവ്

മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 നുള്ളില്‍ ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in.

ധനസഹായം

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷം നൃത്തം, സംഗീതം വിഷയങ്ങളില്‍ ഒന്നാം വര്‍ഷം ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍/ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം/ആടയാഭരണം വാങ്ങുന്നതിനായി ധനസഹായം അനുവദിയ്ക്കുന്നതിന് വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ആവശ്യമായ വാദ്യോപകരണം (ശ്രുതി ബാക്‌സ്/വീണ/ വയലിന്‍/മൃദംഗം/ചെണ്ട/മദ്ദളം)/ആടയാഭരണം ഏതെന്നുമുളള കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പഠിക്കുന്ന സ്ഥാപനമേധാവി മുഖാന്തിരം അപേക്ഷിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോഴ്‌സുകള്‍

എസ്.ആര്‍ കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, കൗണ്‍സലിംഗ് സൈക്കോളജി, മാനേജ്‌മെന്റ് ഓഫ് ജേര്‍ണലിസം, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, എയര്‍ ലൈന്‍ ആന്റ് എയര്‍ പോര്‍ട്ട് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, ലൈഫ് എന്‍ജിനീയറിംഗ്, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കിസ്ട്ര, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്.  ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്.  കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in/www.src.kerala.gov.in വെബ്‌സൈറ്റിലും, എസ്.ആര്‍.സി ഓഫിസിലും ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  18-നു മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായപരിധി ഇല്ല.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ഡിസംബര്‍ 10.

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11.30ന് ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.

Related Articles

Back to top button